ഞാന്‍ മരിക്കാന്‍ പോകുന്നു;  ജസ്ന സുഹൃത്തിനയച്ച അവസാന സന്ദേശം പൊലീസിനെ കുഴക്കുന്നു 

Published On: 2018-06-06T16:45:00+05:30
ഞാന്‍ മരിക്കാന്‍ പോകുന്നു;  ജസ്ന സുഹൃത്തിനയച്ച അവസാന സന്ദേശം പൊലീസിനെ കുഴക്കുന്നു 

കോട്ടയം: എരുമേലിയിൽ നിന്ന് കാണാതായ ജസ്നയുടേതെന്ന പേരിൽ ലഭിച്ച സന്ദേശം പോലീസിനെ കുഴക്കുന്നു. ഞാന്‍ മരിക്കാന്‍ പോകുന്നുവെന്നു ജസ്ന സുഹൃത്തിന് അവസാനമായി അയച്ച സന്ദേശമാണ് അന്വേഷണ ഉദ്യോ​ഗസ്ഥരെ കുഴപ്പത്തിലാക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനായി സന്ദേശം സൈബര്‍ പോലീസിന് കൈമാറി.

ജസ്നയുടെ ഫോണില്‍ നിന്ന് മറ്റാരെങ്കിലും സന്ദേശം അയച്ചതാണോയെന്ന സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്ന് പോലീസ് വിശദമാക്കുന്നു. അപ്പോഴും സുഹൃത്തിന് സന്ദേശം അയച്ച് ജസ്ന ഒളിവില്‍ പോയതാണോയെന്നും മരിക്കാന്‍ ഉദ്ദേശിച്ച് അയച്ചതാണോയെന്ന സംശയവും പോലീസ് മറച്ച് വക്കുന്നില്ല.

ഇന്നലെ ഏരുമേലി, മുണ്ടക്കയം, കൂട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളില്‍ ജസ്നയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു. കോട്ടയം ഇടുക്കി പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പോലിസ് വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ തിരച്ചിലില്‍ പങ്കെടുത്തിരുന്നു. ജസ്നയുടെ കോളജിലെ വിദ്യാർത്ഥികളും തിരച്ചില്‍ സംഘത്തിൽ ഉണ്ടായിരുന്നു.

മാർച്ച് 22നാണ് ജസ്നയെ കാണാതായത്. ജസ്നക്കായി കേരളത്തിനകത്തും പുറത്തും പോലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളജിലെ ബികോം വിദ്യാർത്ഥിനിയായ ജസ്ന മരിയ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്.

Top Stories
Share it
Top