എ.ഡി.ജി.പിയുടെ മകള്‍ പോലീസ് ഡ്രൈവറെ തല്ലിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published On: 15 Jun 2018 10:30 AM GMT
എ.ഡി.ജി.പിയുടെ മകള്‍ പോലീസ് ഡ്രൈവറെ തല്ലിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം. പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിന് പരിക്കേറ്റ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ജോലി ചെയ്യുന്ന പൊലീസുകാരുടെ പട്ടികയും വാഹനങ്ങളുടെ കണക്കും നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പരാതി നല്‍കി. വെള്ളിയാഴ്ച ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. ഭര്‍ത്താവിന് നേരിടേണ്ടിവന്ന മാനസിക പീഡനം അടക്കമുള്ളവയെപ്പറ്റി മുഖ്യമന്ത്രിയോട് വിവരിച്ചുവെന്ന് ഗവാസ്‌കറുടെ ഭാര്യ രേഷ്മ മാധ്യമങ്ങളോട് പറഞ്ഞു. ശാരീരിക പീഡനവും നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് പരാതിയുമായി അധികൃതരെ കാണേണ്ടിവന്നത്. ആശുപത്രി വിട്ടാല്‍ ഉടന്‍ ഗവാസ്‌കര്‍ മുഖ്യമന്ത്രിയെ കാണുമെന്നും രേഷ്മ വ്യക്തമാക്കി.

എ.ഡി.ജി.പിയുടെ മകള്‍ സ്നിഗ്ദക്കെതിരായ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ഗവാസ്‌കറിനെതിരെയും പൊസീല് കേസെടുത്തിട്ടുണ്ട്. അതേസമയം മകള്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ എ.ഡി.ജി.പിയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് പരിക്കേറ്റ പൊലീസുകാരന്‍ പറഞ്ഞു. മകള്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ എഡിജിപി ആവശ്യപ്പെട്ടിരുന്നു. ഓഫിസില്‍നിന്നു ജീവനക്കാരെ വിട്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കെതിരെ കേസെടുത്തത് ഇതിനു വഴങ്ങാത്തതിനാലെന്നും ഗവാസ്‌കര്‍ പറഞ്ഞു. പരാതി നല്‍കിയ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് പൊലീസ് അസോസിയേഷന്‍ പറഞ്ഞു.

Top Stories
Share it
Top