എഡിജിപിയുടെ വീട്ടിലെ അടിമപ്പണി തുറന്ന് പറഞ്ഞ് പൊലീസ് ഡ്രൈവർ

Published On: 2018-06-15 06:30:00.0
എഡിജിപിയുടെ വീട്ടിലെ അടിമപ്പണി തുറന്ന് പറഞ്ഞ് പൊലീസ് ഡ്രൈവർ

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ പീഡനങ്ങൾ ഓരോന്നായി തുറന്നുപറഞ്ഞ് ഡ്രൈവർ ഗവാസ്കര്‍‍. എഡിജിപി പൊലീസുകാരെക്കൊണ്ട് വീട്ടുവേല ചെയ്യിക്കുകയാണ്. നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിക്കും. ഇതിനു തയാറാകാത്തവരെ ഭാര്യയും മകളും ചേര്‍ന്ന് അസഭ്യം പറയും. മകളുടെ മുന്നില്‍ വച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രിയിൽ കഴിയുന്ന ​ഗവാസ്കർ പറഞ്ഞു.

മകള്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ എഡിജിപി ആവശ്യപ്പെട്ടിരുന്നു. ഓഫിസില്‍നിന്നു ജീവനക്കാരെ വിട്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കെതിരെ കേസെടുത്തത് ഇതിനു വഴങ്ങാത്തതിനാലെന്നും ഗവാസ്കര്‍ പറഞ്ഞു. ‘മലയാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നാംകിടക്കാരാണെന്നാണ് പറയാറുളളത്. ജോലിക്കെത്തുന്ന പൊലീസുകാരെക്കൊണ്ട് പട്ടിയെ കുളിപ്പിക്കും മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങിക്കും, സ്വിമ്മിങ് പൂള്‍ കഴുകിക്കും. എതിര്‍ത്താല്‍ ഭാര്യയും മകളും ശകാരിക്കും. ജാതിപ്പേര് വിളിച്ചാണ് അധിക്ഷേപിക്കുക. ഇനിയും ഈ ദാസിപ്പണി ചെയ്യാന്‍ വയ്യ. എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിലവിലെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നുണ്ട്’-ഗവാസ്‌ക്കര്‍ പറഞ്ഞു.

എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ പരാതി നല്‍കിയ ഗവാസ്‌ക്കറിനെതിരെയും കേസെടുത്തിരുന്നു. മര്‍ദിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ ഗവാസ്‌കറാണ് സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദക്കെതിരെ പരാതി നല്‍കിയത്. ഗവാസ്‌കറിന്റെ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

അതേസമയം, എഡിജിപിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി മറ്റു പൊലീസുകാരും രംഗത്തെത്തി. ഔദ്യോഗിക വസതിയിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരൻ ബിജുവിനെ എസ്എപി ക്യാംപിൽ തടഞ്ഞിരുന്നു. സുധേഷ് കുമാറിന്റെ പട്ടിക്കുവേണ്ടി മീൻ വറുക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു ഇത്. എല്ലാദിവസവും മീൻവാങ്ങി എസ്എപി ക്യാംപിൽ വറുത്താണു കൊണ്ടുപോയിരുന്നതെന്നും പൊലീസുകാർ പറഞ്ഞു.

Top Stories
Share it
Top