പൊലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവിനെ ഒഴുക്കില്‍ പെട്ടു കാണാതായി

Published On: 2018-07-28T10:30:00+05:30
പൊലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവിനെ ഒഴുക്കില്‍ പെട്ടു കാണാതായി

തിരൂർ: പൊലീസിനെ ഭയന്ന് ഭാരതപ്പുഴയിലേക്ക് എടുത്തു ചാടിയ രണ്ട് യുവാക്കളിൽ ഒരാളെ ഒഴുക്കിൽ പെട്ട് കാണാതായി. ചമ്രവട്ടം പാലത്തിന് മുകളിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. നരിപ്പറമ്പ് അതളൂർ മാത്തൂർ പുളിക്കൽ മൻസൂറിനെയാണ് കാണാതായത്. രക്ഷപ്പെട്ടയാളെ നാട്ടുകാർ ആശുപത്രിയിലാക്കി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് - നൈറ്റ് പെട്രോളിങ് നടത്തുകയായിരുന്ന തിരൂരില പൊലീസ് സംഘം ചമ്രവട്ടം പാലത്തിന് സമീപത്ത് നിന്ന് ലോറിക്ക് കൈ കാണിച്ചു. നിർത്താതെ പോയ ലോറി പാലത്തിൽ നിർത്തി യുവാക്കൾ പുഴയിലേക്ക് ചാടുകയായിരുന്നു. ഒരാൾ വൈകാതെ നീന്തി രക്ഷപ്പെട്ടു. മൻസു റി നെ കാണാതാവുകയായിരുന്നു. മണൽ കടത്തിന് ലോറി കസ്റ്റഡിയിൽ എടുത്തതായി തിരൂർ ഡിവൈഎസ്പി ബിജു ഭാസ്കർ അറിയിച്ചു.

പൊലീസ് ലോറി പിന്തുടർന്നതോടെയാണ് യുവാക്കൾ പുഴയിലേക്ക് ചാടിയതെന്നാണ് നാട്ടുകാർ പറയുന്നത്. മഴയെ തുടർന്ന് നിറഞ്ഞ് ഒഴുകുകയാണ് ഭാരതപ്പുഴ. ഇവിടെയുള്ള റഗുലേറ്ററിന്റെ ഷട്ടറുകൾ അടക്കാൻ കഴിയാത്തതിനാൽ തിരച്ചിൽ ആരംഭിക്കാൻ വൈകിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.

നാട്ടുകാരും അഗ്നി ശമന സേനയും പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ചമ്രവട്ടം റഗുലേറ്ററിലെ ഷട്ടറുകൾ തുരുമ്പ് കാരണം പ്രവർത്തിപ്പിക്കാൻ സാധിക്കാതിരുന്നതാണ് വിനയായത്. യുവാക്കൾ ചാടിയത് വെള്ളം ശക്തമായി കുത്തിയൊഴുകുന്ന ഭാഗത്താണ്.

Top Stories
Share it
Top