ബിഷപ്പിനെതിരായ പരാതി: കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

Published On: 10 July 2018 2:45 AM GMT
ബിഷപ്പിനെതിരായ പരാതി: കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

കോട്ടയം: ലൈം​ഗിക പീഡനവുമായി ബന്ധപ്പെട്ട് ജലന്ധർ ബിഷപ്പിനെതിരെ നൽകിയ പരാതിയിൽ അന്വേഷണസംഘം കന്യാസ്ത്രീയിൽ നിന്നും ഇന്ന് വീണ്ടും മൊഴിയെടുക്കും. കന്യാസ്ത്രീ നൽകിയ രഹസ്യമൊഴിയുടെ പക‍ർപ്പ് ഇന്നലെ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. 114 പേജുള്ള മൊഴിയും പൊലീസിന് കൊടുത്ത മൊഴിയും പരിശോധിച്ച ശേഷമാണ് വീണ്ടും മൊഴിയെടുക്കുന്നത്.

പൊലീസിനോട് പറയാത്ത കാര്യങ്ങൾ രഹസ്യമൊഴിയിലുണ്ടെങ്കിൽ അക്കാര്യങ്ങളിൽ വ്യക്തതവരുത്താനാണ് വീണ്ടും മൊഴിയെടുക്കുന്നത്. അതേസമയം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരുടെയും മൊഴിയെടുക്കും. പീഡന വിവരം കര്‍ദിനാള്‍ ആലഞ്ചേരിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നു.

അതിനിടെ ബിഷപ്പ് കന്യാസ്ത്രീയുടെ കുടുംബത്തിനെതിരെ നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്നാണ് അന്വേഷണസംഘത്തിന്റ പ്രാഥമികനിഗമനം. കോടനാട് പൊലീസിന് ബിഷപ്പിന്റ പരാതി കൈമാറാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Top Stories
Share it
Top