പൊലിസിലെ ദാസ്യവേല: കേസ് അട്ടിമറിക്കാനുള്ള എഡിജിപിയുടെ നീക്കം പൊളിഞ്ഞു

Published On: 2018-06-24T13:00:00+05:30
പൊലിസിലെ ദാസ്യവേല: കേസ് അട്ടിമറിക്കാനുള്ള എഡിജിപിയുടെ നീക്കം പൊളിഞ്ഞു

തിരുവനന്തപുരം: പൊലിസ് ഡ്രൈവർ ഗവാസ്ക്കറിനെ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുദേഷ് കുമാറിന്‍റെ മകള്‍ക്കെതിരായ കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. ഗവാസ്ക്കറല്ല വാഹനമോടിച്ചത് എന്നു വരുത്താനായിരുന്നു എഡിജിപിയുടെ നീക്കം. ഇതിനായി ഡ്യൂട്ടി റജിസ്റ്റര്‍ തിരുത്തി സംഭവദിവസം വാഹനമോടിച്ചത് ജയ്സണ്‍ എന്നയാളാണെന്ന് എഴുതിച്ചേര്‍ത്തു.

സംഭവദിവസം രാവിലെ ആറരയോടെ താന്‍ എഡിജിപിയുടെ ഭാര്യയേയും മകളേയും കനക്കകുന്നിലേക്ക് കൊണ്ടുപോയി എന്നായിരുന്നു ഗവാസ്കറുടെ മൊഴി. ഇത് അട്ടിമറിക്കാനാണ് ജെയ്സന്‍ എന്നയാളുടെ പേര് എഴുതി ചേര്‍ത്തത്. എന്നാല്‍ രജിസ്റ്ററില്‍ തന്‍റെ പേരെഴുതിയത് എഡിജിപി പറഞ്ഞിട്ടാണെന്ന് ജെയ്സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതോടെ ഈ നീക്കം പൊളിഞ്ഞു. വാഹനമെടുത്തത് ആശുപത്രിയില്‍നിന്നാണെന്ന് ജയ്സണ്‍ പറയുന്നു. ഡ്യൂട്ടി റജിസ്റ്ററടക്കം രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

അന്നേദിവസം എ‍ഡിജിപിയുടെ മകളെ കനകക്കുന്നില്‍ വച്ചു കണ്ടതായി സമീപത്തുള്ള ഒരു ജ്യൂസ് കടക്കാരന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ മൊഴി നല്‍കാന്‍ തയ്യാറാവുന്നില്ല എന്നാണ് സൂചന.

കനകക്കുന്നിലേത് കൂടാതെ എഡിജിപിയുടെ വീട്ടില്‍ നിന്നും കനകക്കുന്നിലേക്ക് പോകുന്ന വഴിയിലും പലയിടത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇതൊന്നും തന്നെ ഇതുവരെയും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചിട്ടില്ല എന്നാണ് സൂചനകൾ. നിശ്ചിതദിവസങ്ങള്‍ കഴിഞ്ഞാല്‍ സിസിടിവി ദൃശ്യങ്ങള്‍ മാഞ്ഞു പോകും എന്നതിനാല്‍ അതിന് വേണ്ടി മനപൂര്‍വ്വം പരിശോധന വൈകിപ്പിക്കുകയാണെന്നാണ് ആരോപണങ്ങളും ഉയരുന്നുണ്ട്.

അതിനിടെ ഇന്നലെ ആശുപത്രി വിട്ട ഗവാസ്കറേയും കൊണ്ട് ക്രൈംബ്രാഞ്ച് സംഘം കനകകുന്നിലെത്തി തെളിവെടുപ്പ് നടത്തി. അടുത്ത മാസം നാലിന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയാണ് തെളിവെടുപ്പ്. വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് എത്തിച്ച ഗവാസ്കര്‍ അന്നേദിവസം നടന്ന സംഭവങ്ങളെല്ലാം ഉദ്യോഗസ്ഥരോട് വിവരിച്ചു. ഗവാസ്കര്‍ വാഹനം തന്‍റെ കാലിൽ കയറ്റിയെന്ന പെൺകുട്ടിയുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് വാഹനപരിശോധന നടത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഈ സംഭവത്തിന് ദൃക്സാക്ഷികളുമില്ല.

Top Stories
Share it
Top