സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാജവാര്‍ത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

Published On: 2018-08-10T09:15:00+05:30
സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാജവാര്‍ത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സമൂഹ മാദ്ധ്യമങ്ങൾ വഴിയും മറ്റും വ്യാജവാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും അത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളും ദുരന്തനിവാരണത്തിന് സജ്ജമാക്കിയതായും പൊലീസ് സ്വീകരിക്കുന്ന സുരക്ഷാ നടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ മേഖലാ റേഞ്ച് ഐജി മാരുടേയും ജില്ലാ പൊലീസ് മേധാവിമാരുടേയും നേതൃത്വത്തില്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മഴ കൂടുതല്‍ ശക്തമായ സ്ഥലങ്ങളില്‍ രാത്രിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലായിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്റ്റേറ്റ് പോലീസ് മോണിറ്ററിങ് റൂം കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കും. പുതുതായി പാസിങ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസ്ട്രിക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ ആവശ്യമായ പൊലീസുദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള വിശദാംശങ്ങൾ തയ്യാറാക്കാനും അവശ്യഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും കോസ്റ്റല്‍ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലങ്ങളില്‍ മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകളും നല്‍കി വരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Top Stories
Share it
Top