പൊന്നാനിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു; കോടികളുടെ നഷ്ടം

Published On: 13 July 2018 4:00 AM GMT
പൊന്നാനിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു; കോടികളുടെ നഷ്ടം

മലപ്പുറം: പടിഞ്ഞാറെക്കരയിലും പൊന്നാനിയിലും നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങള്‍ കാറ്റിലും തിരയിലും പെട്ട് തകര്‍ന്ന് കോടികളുടെ നഷ്ടം. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റും തിരയടിയുമാണ് കാരണം. എട്ട് വള്ളങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. പത്തോളം വള്ളങ്ങള്‍ കടലിലേക്ക് ഒഴുകിപ്പോയി.

താനൂരിലെ മമ്പുറം സയ്യിദ്, വാദിസലാം, ചെങ്കൊടി, തഖ് വ, റജബ്, അജ്മീര്‍, നജാത്ത്, ബീരാന്‍ തുടങ്ങിയ വള്ളങ്ങളാണ് നാമാവശേഷമായത്. 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വില വരുന്നതാണ് ഇവ. വല, യന്ത്രങ്ങള്‍, മറ്റ് സാമഗ്രികള്‍ എന്നിവയും നഷ്ടമായി. പരസ്പരം കൂട്ടിയിടിച്ചും കടല്‍ ഭിത്തികളില്‍ ഇടിച്ചുമാണ് വള്ളങ്ങള്‍ തകര്‍ന്നത്.

ഏതാനും വള്ളങ്ങള്‍ മത്സ്യത്തൊഴിലാളികള്‍, ഫിഷറീസ് വകുപ്പ് അധികൃതരുടെ സഹായത്തോടെ മറ്റ് വള്ളങ്ങള്‍ ഉപയോഗിച്ച് കെട്ടി വലിച്ച് കരക്കെത്തിച്ചു. പലതും കടലില്‍ ഒഴുകി നടക്കുന്നത് നിസ്സഹായതോടെ നോക്കി നില്‍ക്കാനേ മത്സ്യത്തൊഴിലാളികള്‍ക്ക് സാധിക്കുന്നുള്ളൂ. താനൂര്‍ മേഖലയില്‍ നിന്നുള്ള വള്ളങ്ങളാണ് പടിഞ്ഞാറെക്കരയില്‍ കെട്ടിയിട്ടിരുന്നത്. പൊന്നാനിയിലെ നാല് വള്ളവും നഷ്ടമായതില്‍ പെടുന്നു. എത്ര വള്ളങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന കണക്ക് ലഭിച്ചിട്ടില്ല.

വിവരം അറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഉച്ചയോടെയേ നഷ്ടം സംബന്ധിച്ച വ്യക്തത ലഭിക്കുകയുള്ളൂവെന്ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി ഷുക്കൂര്‍ പറഞ്ഞു. ജില്ലാ കള്കടര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കടലാക്രമണത്തെ തുടര്‍ന്ന് ആഴ്ചകളായി മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ പോകാറില്ല.
ഇരുപതിലേറെ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാറുള്ള വലിയ തരം വള്ളങ്ങളാണ് നഷ്ടമായത്.

പടിഞ്ഞാറെക്കര ജങ്കാര്‍ ജെട്ടിയിലും പൊന്നാനിപ്പുഴയുടെ തുടക്ക ഭാഗത്തുമായാണ് ഇവ കെട്ടിയിടാറുള്ളത്. വ്യാഴാഴ്ച രാത്രി ശക്തമായ കാറ്റുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ഏതാനും ദിവസങ്ങളായി തിരയടിയും ശക്തമാണ്. പൊന്നാനി തുറമുഖത്തി ന്റെ ഭാഗായി പുലിമുട്ട് നിര്‍മിച്ചതോടെയാണ് ഈ മേഖലയില്‍ തിരയടി ശക്തമായത്.

Top Stories
Share it
Top