പൂയംകുട്ടി ആറ് കരകവിഞ്ഞു; വീടുകളൊഴിഞ്ഞു തുടങ്ങി

Published On: 2018-07-10 15:15:00.0
പൂയംകുട്ടി ആറ് കരകവിഞ്ഞു; വീടുകളൊഴിഞ്ഞു തുടങ്ങി

പൂയംകുട്ടി: കനത്ത മഴയെ തുടര്‍ന്ന് മണികണ്ഠൻചാലിന്‍റെ ഉൾപ്രദേശങ്ങളിലേക്ക് വെള്ളം കയറി തുടങ്ങി. സമീപവാസികൾ വീടുകളൊഴിഞ്ഞു ബന്ധു വീടുകളിലും മറ്റും അഭയം തേടി തുടങ്ങി. വീടുകളിൽ നിന്ന് ആളുകൾ സാധനങ്ങളുമായി മാറിത്തുടങ്ങി. മണികണ്ഠൻ ചാൽ സെന്‍റ് മേരിസ് കത്തോലിക്കാ പള്ളി ആളുകൾക്കായി തുറന്നുകൊടുത്തു. സിഎസ്ഐ പള്ളിയിലും ആളുകൾക്ക് താമസിക്കാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ വെള്ളാരം കുത്ത് ആദിവാസി കുടിയിൽനിന്ന് 2 രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ നന്നേ ബുദ്ധിമുട്ടി. മുഖ്യമന്ത്രിയുടെ ഓഫീസ് അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്.

രണ്ട് ആദിവാസി കുടികൾ ഉൾപ്പെടെ ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ ആളുകളുടെ ഏക സഞ്ചാരമാർഗം ആയ മണികണ്ഠൻചാൽ ചപ്പാത്ത് നില്‍ക്കുന്നിടത്ത് പുതിയ പാലം എന്ന ആവശ്യം ഉയര്‍ന്നിട്ടു നാളുകളായി. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മണികണ്ഠൻ ചാൽ ചപ്പാത്ത് പാലം തിങ്കളാഴ്ച രാവിലെയോടെ വീണ്ടും വെള്ളത്തിൽ മുങ്ങിയിരുന്നു. ഇതോടെ മണികണ്ഠൻചാൽ, ഉറിയംപെട്ടി, വെള്ളാരംകുത്ത് മേഖലകൾ ഒറ്റപ്പെട്ടു. കഴിഞ്ഞമാസം ഒരാഴ്ചയോളം ഈ പ്രദേശം ഒറ്റപ്പെട്ടു പോയതാണ്.

സ്കൂളിൽ പോയിരിക്കുന്ന വിദ്യാർഥികൾ, പണിക്കു പോയിരിക്കുന്ന ആളുകൾ പൂയംകുട്ടിയില്‍ ബന്ധുവീടുകളിലും മറ്റും കിടന്നുറങ്ങേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോള്‍. ഈ മേഖലയില്‍ മൊബൈല്‍ കവറേജ് ഇല്ലാത്തതും പലപ്പോഴും ഇവിടെ നടക്കുന്ന പല സംഭവങ്ങളും പുറത്തറിയാന്‍ താമസം ഉണ്ടാകുന്നുണ്ട്.

Top Stories
Share it
Top