മണികണ്ഠൻ ചാൽ പാലം വെള്ളത്തിൽ മുങ്ങി: മലയോര മേഖല വീണ്ടും ഒറ്റപ്പെട്ടു

Published On: 9 July 2018 11:15 AM GMT
മണികണ്ഠൻ ചാൽ പാലം വെള്ളത്തിൽ മുങ്ങി: മലയോര മേഖല വീണ്ടും ഒറ്റപ്പെട്ടു

കോതമംഗലം: ആദിവാസികൾക്കും മലയോരവാസികൾക്കും ആശങ്ക ഉണർത്തി പൂയംകുട്ടി മണികണ്ഠൻ ചാൽ പാലം വീണ്ടും വെള്ളത്തിൽ മുങ്ങി. രാവിലെ എട്ടുമണിയോടെ പാലം പൂർണമായും വെള്ളത്തിനടിയിലായി. ഇതോടെ മണികണ്ഠൻ ചാൽ, ഉറിയംപെട്ടി, വെള്ളാരം കുത്ത് മേഖലകൾ ഒറ്റപ്പെട്ടു.

പൂയംകുട്ടിയിൽ നിന്നള്ളവർക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണ് മന്ത്രികണ്ഠൻചാൽ പാലം. കഴിഞ്ഞമാസം കനത്ത മഴയിൽ ഒരാഴ്ചയോളം ഈ പ്രദേശം ഒറ്റപ്പെട്ട് പോയിരുന്നു. സ്കൂളിൽ പോയ വിദ്യാർഥികൾ എങ്ങനെ തിരിച്ച് വീട്ടിലെത്തുമെന്ന ആശങ്കയിലാണ് വീട്ടുകാർ. പണിക്കു പോയിരിക്കുന്ന ആളുകൾ പൂയം കുട്ടിയിൽ കിടന്നുറങ്ങേണ്ടിവരും.ആദിവാസി കുടികളിൽ നിന്ന് പണിക്കുപോയവർക്ക് മൊബൈൽ റേഞ്ചില്ലാത്തതു കൊണ്ട് വീടുകളിൽ അറിയിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.

പുതിയപാലം ആവശ്യപ്പെട്ടുകൊണ്ട് ജന സംരക്ഷണസമിതി മുഖ്യമന്ത്രി, ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്നിവർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. പുതിയപാലം അനിവാര്യമാണെന്ന് കുട്ടമ്പുഴ വില്ലേജ്ഓഫീസറും കോതമംഗലം തഹസിൽദാറും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി ചർച്ചനടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് സാബു കെ കെ, സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ സി.ബി എന്നിവർ അറിയിച്ചു.

Top Stories
Share it
Top