മജ്സിയയുടെ സ്വപ്നങ്ങള്‍ പൂവണിയും; സഹായഹസ്തവുമായി കായിക പ്രേമികള്‍  

കോഴിക്കോട് : നാടെങ്ങുമുള്ള കായികപ്രേമികളുടെ സഹായം ലഭിച്ചതോടെ ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ മജ്സിയ ഭാനുവിന്റെ സ്വപ്നങ്ങള്‍ പൂവണിയുന്നു. സാമ്പത്തിക...

മജ്സിയയുടെ സ്വപ്നങ്ങള്‍ പൂവണിയും; സഹായഹസ്തവുമായി കായിക പ്രേമികള്‍  

കോഴിക്കോട് : നാടെങ്ങുമുള്ള കായികപ്രേമികളുടെ സഹായം ലഭിച്ചതോടെ ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ മജ്സിയ ഭാനുവിന്റെ സ്വപ്നങ്ങള്‍ പൂവണിയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന ആശങ്കക്കിടയില്‍ നിരവധി പേരാണ് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ സെപ്തംബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ രാജ്യത്തെ പ്രതിനിധികരിച്ച് പങ്കെടുക്കാന്‍ മജ്സിയക്ക് കഴിയും.

എം.ഇ.എസ് ഉള്‍പ്പടെയുള്ള വിവിധ സംഘടനകളും വ്യക്തികളുമാണ് മജ്സിയയ്ക്ക് സാമ്പത്തിക സഹായം നല്‍കിയത്. അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രാരംഭമായി അടയ്ക്കേണ്ട രണ്ട് ലക്ഷം രൂപ എം.ഇ.എസ്സാണ് നല്‍കിയത്. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.പി.കെ ഗ്രൂപ്പ് മജ്സിയയുടെ തുര്‍ക്കിയിലേക്കുള്ള യാത്ര, താമസ ചിലവുകള്‍ വഹിക്കും. തന്റെ കായിക സ്വപ്നങ്ങള്‍ക്ക് സഹായവുമായി രംഗത്തെത്തിയ എല്ലാവരോടും നന്ദിയുണ്ടെന്ന് മജ്സിയ ഭാനു പറഞ്ഞു.

ഓര്‍ക്കാട്ടേരിയിലെ സാധാരണ കുടുംബത്തില്‍ അംഗമായ മജ്സിയ കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന സംസ്ഥാന പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കൊച്ചിയില്‍ നടന്ന മിസ്സ് കേരള ഫിറ്റ്നസ് ആന്റ് ഫാഷന്‍ മത്സരത്തിലുള്‍പ്പടെ 12 ഗോള്‍ഡ് മെഡലുകള്‍ മജ്സിയയെ തേടിയെത്തി. ജില്ലാ സംസ്ഥാന പഞ്ചഗുസ്തി മത്സരങ്ങളില്‍ ചാമ്പ്യന്‍ പട്ടമണിഞ്ഞതിന് ശേഷമാണ് കഴിഞ്ഞ മെയ്യില്‍ ലെക്നൗവില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മജ്സിയ സ്വര്‍ണ്ണം നേടിയത്.

Read More >>