മുഖ്യമന്ത്രിക്കെതിരെ വധഭീഷണി: കൃഷ്ണകുമാര്‍ നായരെ കേരളപോലീസിന് കൈമാറി

Published On: 2018-06-22T20:15:00+05:30
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി: കൃഷ്ണകുമാര്‍ നായരെ കേരളപോലീസിന് കൈമാറി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി കൃഷ്ണകുമാർ നായരെ ദില്ലി കോടതി കേരള പൊലീസിന് കൈമാറി. ഇയാളെ ട്രെയിൻ മാർ​ഗം കേരളത്തിലേക്ക് കൊണ്ടുവരും. അബുദാബിയില്‍ നിന്ന് ഡല്‍ഹി വഴി കേരളത്തിലേക്ക് വരുവേ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേരള പൊലീസ്, ഡല്‍ഹി പൊലീസിന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് തീഹാര്‍ ജയിലിലേക്ക് മാറ്റിയ ഇയാളെ അവിടെ നിന്നാണ് കേരള പൊലീസിന് കൈമാറിയത്.

എസ്ഐ രൂപേഷ് കെ ജി, എഎസ്ഐ ജേക്കബ് മണി, സിപിഒ ശര്‍മപ്രസാദ് ഉത്തമന്‍ എന്നിവരടങ്ങിയ സംഘമാണ് കൃഷ്ണകുമാറിനെ കസ്റ്റഡിയിൽ വാങ്ങിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയുമായി പൊലീസ് സംഘം ഇന്ന് രാത്രി കേരളത്തിലേക്ക് തിരിക്കും. കോതമംഗലം സ്വദേശിയായ കൃഷ്ണകുമാർ നായര്‍ ഈ മാസം അഞ്ചിനാണ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.

വീഡിയോ വന്നതിനു പിന്നാലെ കൃഷ്ണകുമാര്‍ അത് ഡിലീറ്റ് ചെയ്യുകയും മാപ്പപേക്ഷയുമായി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അബൂദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാര്‍ജറ്റ് എന്‍ജിനീയറിംഗ് കമ്പനിയുടെ റിഗിംഗ് സൂപ്പര്‍വൈസറായിരുന്നു കൃഷ്ണകുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് കമ്പനി പിരിച്ചു വിട്ടിരുന്നു. സംഭവത്തിൽ സെന്‍ട്രല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തി, അപകീര്‍ത്തിപ്പെടുത്തല്‍, വധഭീഷണി മുഴക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Top Stories
Share it
Top