പ്രീത ഷാജിയുടെ നിരാഹാരം അഞ്ചാം ദിനം: സമര നേതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: എറണാകുളം പത്തടിപ്പാലത്ത് പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കുന്നതിനെതിരായ സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് പേര്‍ക്ക് ഹൈക്കോടതി ജാമ്യം...

പ്രീത ഷാജിയുടെ നിരാഹാരം അഞ്ചാം ദിനം: സമര നേതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: എറണാകുളം പത്തടിപ്പാലത്ത് പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കുന്നതിനെതിരായ സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സമര സമിതി നേതാക്കളായ അഡ്വ. പിജെ മാനുവല്‍, വി.സി. ജെന്നി, ഇടുക്കി സ്വദേശി പ്രകാശ്, മൂവാറ്റുപുഴ സ്വദേശി വിജീഷ്, നെടുമുടി സ്വദേശി ജയേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ആറ് മാസത്തേക്ക് കളമശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, പതിനായിരം രൂപ കെട്ടിവെക്കണം എന്നീ വ്യവസ്ഥകള്‍ക്കു പുറമേ ഒരു ലക്ഷം രൂപയുടെ ബോണ്ടും ആള്‍ജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

തന്റെ സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പ ലഭിക്കാനായി പ്രീത ഷാജി കിടപ്പാടം ജാമ്യത്തിന് നല്‍കിയിരുന്നു. എന്നാല്‍ കുടിശ്ശിക പെരുകി രണ്ട് കോടി രൂപ കവിഞ്ഞതോടെ ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ സ്വീകരിച്ചു. എറണാകുളം ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിന്റെ മേല്‍നോട്ടത്തില്‍ ഭൂമി ജപ്തി ചെയ്ത് ലേലവും നടത്തി. എന്നാല്‍ പ്രീത ഷാജിയും കുടുംബവും കിടപ്പാടം ഒഴിയാന്‍ കൂട്ടാക്കിയില്ല. ഭൂമി ലേലത്തില്‍ പിടിച്ച വ്യക്തി ഇതു നടപ്പാക്കി കിട്ടാന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ജൂലായ് ഒമ്പതിന് പൊലീസ് സഹായത്തോടെ കിടപ്പാടം ഒഴിപ്പിക്കാന്‍ അധികൃതര്‍ പത്തടിപ്പാലത്ത് എത്തിയിരുന്നു.

എന്നാല്‍ ഇതിനെതിരെ വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ചേര്‍ന്ന് പ്രതിഷേധിച്ചു. ഇവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കിടപ്പാടം ഏറ്റെടുക്കാതെ അധികൃതര്‍ പിന്‍വാങ്ങി. തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മാനുവല്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. അതേസമയം കിടപ്പാടം ഒഴിപ്പിക്കുന്നതിനെതിരായ പ്രീത ഷാജിയുടെ നിരാഹാര സമരം നാല് ദിവസം പിന്നിട്ടു. വീട്ടുമുറ്റത്തെ സമരപ്പന്തലില്‍ പ്രതീകാത്മകമായി ചിതയൊരുക്കിയാണ് സമരം.

Read More >>