രാഷ്ട്രപതിക്ക് വധഭീഷണി: തൃശൂരില്‍ പൂജാരി അറസ്റ്റില്‍

Published On: 2018-08-06 03:45:00.0
രാഷ്ട്രപതിക്ക് വധഭീഷണി: തൃശൂരില്‍ പൂജാരി അറസ്റ്റില്‍

തൃശൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആൾ അറസ്റ്റില്‍. തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമന്‍ ആണ് പിടിയിലായത്. തൃശൂര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന് പുലര്‍ച്ചയോടെയാണ് ജയരാമനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം അസി. പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മദ്യലഹരിയിലാണു താൻ ഫോൺവിളിച്ചതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. എന്നാൽ എന്തിനാണ് ഇയാൾ ഇത്തരമൊരു ഭീഷണി മുഴക്കിയതെന്നു അറിയുന്നതിനായി ചോദ്യം ചെയ്യൽ തുടരുകയാണ്. നാളെ രാഷ്ട്രപതി ഗുരുവായൂർ സന്ദർശിക്കാനിരിക്കെയാണ് വധഭീഷണിയെത്തിയത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച ഉച്ചയോടെയാണ് തലസ്ഥാനത്തെത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഞായറാഴ്ച രാജ്ഭവനിൽ തങ്ങിയ രാഷ്ട്രപതി ഇന്ന് രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി സെമിനാർ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് കൊച്ചിയിലേക്ക് തിരിക്കുന്ന രാഷ്ട്രപതി ചൊവ്വാഴ്ച രാവിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ജഡ്ജിമാരുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് തൃശൂരിലെത്തുന്ന രാഷ്ട്രപതി സെന്‍റ് തോമസ് കോളേജിന്‍റെ സെന്‍റിനറി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഈ പരിപാടികള്‍ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി തിരികെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി 2.45 ന് പ്രത്യേക വിമാനത്തിലാണ് മടങ്ങുക.

Top Stories
Share it
Top