അംഗപരിമിതര്‍ക്കുള്ള തസ്തികകള്‍ കണ്ടെത്താൻ വിദ​ഗ്ദ്ധ കമ്മിറ്റി 

Published On: 18 Jun 2018 11:30 AM GMT
അംഗപരിമിതര്‍ക്കുള്ള തസ്തികകള്‍ കണ്ടെത്താൻ വിദ​ഗ്ദ്ധ കമ്മിറ്റി 

തിരുവനന്തപുരം: അംഗപരിമിതര്‍ക്കുള്ള തൊഴില്‍ സംവരണത്തിന് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുവാന്‍ വിദഗ്ദ്ധ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. അംഗപരിമിതര്‍ക്ക് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്താനും ഇതിലൂടെ അംഗപരിമിതര്‍ക്ക് അര്‍ഹതപ്പെട്ട എല്ലാ തസ്തികകളും കാലതാമസം കൂടാതെ ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റിയില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറാണ് കണ്‍വീനര്‍.

ഓരോ അംഗപരിമിത വിഭാഗത്തിനെയും സംബന്ധിക്കുന്ന നിയമന കാര്യത്തില്‍ അഭിപ്രായം ആരായുന്നതിനായി വിദഗ്ധ ഡോക്ടര്‍മാരെ കണ്‍സള്‍ട്ടന്റുമാരായി പാനലുണ്ടാക്കും. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ അംഗപരിമിത സംഘടനകളുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കുകയും കൃത്യമായ ഇടവേളകളില്‍ പരിഷ്‌കരിക്കുകയും ചെയ്യും. വിദഗ്ധ കമ്മിറ്റിയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഡിസബിലിറ്റി ആക്ട് പ്രകാരം അംഗ പരിമിതര്‍ക്കായി കണ്ടെത്തിയ തസ്തികകള്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കൃത്യമായ ഇടവേളകളില്‍ പുനരവലോകനം നടത്തണം. അവശ്യ സന്ദര്‍ഭങ്ങളില്‍ അഭിപ്രായം അറിയിക്കുന്നതിനായി പി എസ് സിയുടെ പ്രതിനിധിയെയും കമ്മറ്റിയിലേക്ക് ക്ഷണിക്കും.

Top Stories
Share it
Top