അടിമാലിയില്‍  സ്വകാര്യ ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

Published On: 2018-07-02 16:15:00.0
അടിമാലിയില്‍  സ്വകാര്യ ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

കോതമംഗലം : കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ രണ്ടാം മൈലില്‍ സ്വകാര്യ ബസ്‌ മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്. അടിമാലിയില്‍ നിന്നും മുവാറ്റുപുഴക്ക്‌ പോവുകയായിരുന്ന അപ്പൂസ് ബസാണ് അപകടത്തില്‍ പെട്ടത്. എതിരെ വന്ന ബൈക്കിനു സൈഡ് കൊടുത്തപ്പോള്‍ റോഡില്‍ നിന്നും തെന്നി മറിയുകയായിരുന്നു. താഴ്ചയില്‍ നിന്ന ഈറ്റക്കാട്ടില്‍ തടഞ്ഞു നിന്നതിനാല്‍ വലിയ അപകടം ഒഴിവായി.

റോഡിന്‍റെ സൈഡില്‍ ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി തകര്‍ത്താണ് ബസ്‌ മറിഞ്ഞത്. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റവരെ കോതമംഗലം, അടിമാലി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റൊരു ബസ്‌ അപകടത്തിലും യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോതമംഗലത്തു നിന്ന് കട്ടപ്പനയ്ക്ക് പോയ കൊച്ചിന്‍ ബസും, കട്ടപ്പനയില്‍ നിന്നും കോതമംഗലത്തെക്ക് വന്ന കെ എസ് ആര്‍ ടി സി യും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കീരിത്തോട് പകുതിപാലത്ത് വെച്ചാണ്‌ അപകടം.

കൊച്ചി ധനുഷ്കോടി ദേശീയപാതയിലും, കട്ടപ്പന നേര്യമംഗലം പാതയിലും പലയിടങ്ങളിലും റോഡിനു മതിയായ വീതിയും സുരക്ഷയും ഇല്ലാത്തതു പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മഴക്കാലം ആരംഭിച്ചതോടെ മരം വീഴലും മണ്ണിടിച്ചിലും പതിവാണ്. ഇതുമൂലം മണിക്കൂറുകളോളമാണ് യാത്രക്കാര്‍ റോഡില്‍ കിടക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കാന്‍ ദേശിയ പാത അധികൃതര്‍ ശ്രമിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്.

Top Stories
Share it
Top