കവളപ്പാറയില്‍ നിന്ന് അഞ്ചാമത്തെ മൃതദേഹം കിട്ടി; മരണം 101 ആയി

പുത്തുമലയിലും കവളപ്പാറയിലും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തും

കവളപ്പാറയില്‍ നിന്ന് അഞ്ചാമത്തെ മൃതദേഹം കിട്ടി; മരണം 101 ആയി


നിലമ്പൂര്‍: നിലമ്പൂര്‍: ഇന്നത്തെ തിരച്ചിലില്‍ കവളപ്പാറയില്‍ നിന്നും അഞ്ചാമത്തെ മൃതദേഹം ലഭിച്ചു. ഇതോടെ മരണസംഖ്യ 101 ആയി. ഇതോടെ പ്രദേശത്ത് നിന്നും 28 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി 30 പേരെയാണ് കണ്ടെത്താനുള്ളത്. കനത്ത മഴയും മണ്ണിടിച്ചില്‍ സാധ്യതയും തിരച്ചിലിനെ ബാധിക്കുന്നുണ്ടെങ്കിലും മഴ കുറയുന്ന സമയത്ത് തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.മലപ്പുറം ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചുറ്റിലും കുന്നുകളുള്ള കവളപ്പാറയില്‍ മണ്ണിടിയാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ മണ്ണ് മാന്തി യന്ത്രങ്ങള്‍ മാത്രം സ്ഥലത്ത് നിര്‍ത്തിയിട്ട് പ്രവര്‍ത്തകരും, ഉദ്യോഗസ്ഥരുമെല്ലാം സുരക്ഷിതസ്ഥാനത്ത് നിന്ന് സാഹചര്യം നിരീക്ഷിക്കുകയാണ് .മഴ മാറുന്ന സാഹചര്യമനുസരിച്ച് തിരച്ചില്‍ തുടരും.

അതേ സമയം സോണാര്‍ സാങ്കേതിക വിദ്യ ഉപോഗിച്ചുള്ള തിരച്ചില്‍ ഇന്ന് തുടങ്ങുമെന്നാണ് കരുതുന്നത്. മഴ പൂര്‍ണ്ണമായി വിട്ടുമാറാത്ത സാഹചര്യത്തില്‍ റിമോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സോണാര്‍ പ്രദേശത്ത് ഫലപ്രദമായി തിരച്ചില്‍ നടത്താന്‍ സഹായകരമാകും എന്നാണ് കരുതുന്നത്. മണ്ണിനടിയിലെ അസ്ഥിയുള്ള ഭാഗങ്ങള്‍ കണ്ടെത്തുന്ന സാങ്കേതികവിദ്യയാണിത്. കവളപ്പാറയുടെ ഭൂപ്രകൃതിയനുസരിച്ച് ഇത് എത്രത്തോളം പ്രാവര്‍ത്തികമാണെന്ന് അറിയില്ലെന്നാണ് ബാംഗ്ലൂരില്‍ നിന്നുള്ള ഏജന്‍സികളുടെ അഭിപ്രായം. കാഴ്ച്ച കാണാനായി മാത്രം എത്തുന്നവരുടെ തിരക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് രക്ഷാപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയുമല്ലാതെ കാഴ്ച കാണാനെത്തിയവരെയെല്ലാം പ്രദേശത്തിന് ഒന്നരകിലോമീറ്റര്‍ അകലെ വെച്ച് തടഞ്ഞു.

പുത്തുമലയില്‍ ഇതുവരെ 10 മൃതദേഹങ്ങളാണ് ലഭിച്ചത്. ഇനിയും ഏഴ് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്. രണ്ട് ദിവസമായി മൃതദേഹങ്ങള്‍ ഒന്നും ലഭിക്കാതിരുന്നത് പ്രദേശത്തെ പ്രതികൂല കാലാവസ്ഥ മൂലമാണെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ യു.വി ജോസ് ഐ.എ.എസ് പറഞ്ഞു. വിവിധ ഫോഴ്‌സുകളും, രക്ഷാപ്രവര്‍ത്തകരുമായി 500 ഓളം ആളുകളും, 13 ഓളം ഹിത്താച്ചികളും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. എല്ലായിടത്തും തിരഞ്ഞ് നോക്കാന്‍ പറ്റിയ അവസ്ഥയല്ല പുത്തുമലയില്‍. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യമാണ്. മാപ്പിംഗ് വിദഗ്ദ്ധന്റെ സഹായത്തോടെ മൃതദേഹങ്ങള്‍ ഉണ്ടാകാനിടയുള്ള ഇടങ്ങള്‍ അടയാളപ്പെടുത്തിയ മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇത് വെച്ചായിരിക്കും ഇനി തിരച്ചില്‍ നടത്തുക. കൂടാതെ സ്‌നിഫര്‍ ഡോഗ്‌സ്, ജി.ഐ.എസ് ടീം എന്നിവയുടെ സാധ്യതയും ഉപയോഗിക്കും. സ്‌കാനര്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പ്രദേശത്തെ ഫോട്ടോകളും മറ്റ് വിശകലനം ചെയ്ത വിദഗ്ദ്ധര്‍ സ്‌കാനര്‍ എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് സംശയമാണെന്ന് അഭിപ്രായപ്പട്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 95 ആയി.

Read More >>