റാഫേല്‍ യുദ്ധവിമാന ഇടപാട്; കേന്ദ്രത്തിനെതിരെ ആന്റണി

Published On: 2018-07-23T14:15:00+05:30
റാഫേല്‍ യുദ്ധവിമാന ഇടപാട്; കേന്ദ്രത്തിനെതിരെ ആന്റണി

ന്യൂഡല്‍ഹി: വിവാദ റാഫേല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി രംഗത്ത്. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ നടത്തിയ വിശദീകരണം അസത്യമാണെന്നും അദ്ദേഹം ആരോപിച്ചു.

ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനം വാങ്ങിക്കാന്‍ തീരുമാനിച്ചത് 2012ലാണ്. 2008ല്‍ രഹസ്യ സ്വഭാവം നിലനിര്‍ത്തണമെന്ന ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ച കരാര്‍ ഈ ഇടപാടിന് ബാധകമല്ലെന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം തേടുമെന്നും ആന്റണി വ്യക്തമാക്കി.

യാതൊരു പ്രവൃത്തി പരിചയവുമില്ലാത്ത സ്വകാര്യ കമ്പനിക്കാണ് നിക്ഷേപം നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതിന് പിന്നില്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ നടന്നിട്ടുണ്ട്. റാഫേല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.

മൂന്നിരിട്ടി വിലയ്ക്കാണ് വിമാന ഇടപാട് നടത്തിയത്. 526 കോടിയില്‍ നിന്ന് 1,690 കോടി രൂപയായി ഇത് ഉയര്‍ന്നു. അതിനാല്‍, ഇടപാട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദഹം ആവശ്യപ്പെട്ടു. ആന്റണിയും ആനന്ദ് ശര്‍മയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ആന്റണി സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്തു വന്നത്.


Top Stories
Share it
Top