കാലവര്‍ഷം;  കണ്ണൂരിൽ മാത്രം 5.7 കോടി രൂപയുടെ നാശനഷ്ടം 

Published On: 13 Jun 2018 2:15 PM GMT
കാലവര്‍ഷം;  കണ്ണൂരിൽ മാത്രം 5.7 കോടി രൂപയുടെ നാശനഷ്ടം 

കണ്ണൂർ: കാലവർഷം ശക്തമായതിനെ തുടർന്ന് മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മൂന്ന് വീടുകള്‍ പൂര്‍ണമായും 550 ലേറെ വീടുകള്‍ ഭാഗമായും തകര്‍ന്നു. ആകെ 1.5 കോടിയുടെ നഷ്ടമാണ് ഇതിലൂടെ കണക്കാക്കപ്പെടുന്നത്. ജൂണ്‍ 12 വരെയുള്ള കണക്കുകള്‍ പ്രകാരം കണ്ണൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടായത്. 230 വീടുകള്‍ ഇവിടെ ഭാഗികമായി തകര്‍ന്നു. തലശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി തുടങ്ങിയ മറ്റ് താലൂക്കുകളിലും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഇതിനു പുറമെ റോഡുകള്‍, കിണറുകള്‍, തൊഴുത്തുകള്‍ എന്നിവയും ഭാഗികമായി തകര്‍ന്നു.

ഇതുവരെ ജില്ലയില്‍ 4.2 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. വാഴ, തെങ്ങ്, റബ്ബര്‍ എന്നിവയെയാണ് കാലവര്‍ഷം പ്രധാനമായും ബാധിച്ചത്. കാറ്റിലും മഴയിലുമായി അമ്പതിനായിരത്തോളം വാഴകള്‍ നശിച്ചു. കല്യാശ്ശേരി, ചിറ്റാരിപ്പറമ്പ്, നടുവില്‍ കൃഷിഭവനുകള്‍ക്കു കീഴിലെ പ്രദേശങ്ങളിലാണ് കൂടുതലായി കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.


ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയില്‍ ഇരിട്ടി താലൂക്കിലെ ബാരാപ്പുഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിളമന വില്ലേജിലെ 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി ഇരിട്ടി തഹസില്‍ദാര്‍ അറിയിച്ചു. കിളിയന്തറ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ച താല്‍ക്കാലിക ക്യാംപിലേക്ക് ചൊവ്വാഴ്ച രാത്രിയോടെയാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്. മാക്കൂട്ടത്തുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 32 പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Top Stories
Share it
Top