വേനല്‍മഴയില്‍ കോളടിച്ച് കേരളം

Published On: 2 Jun 2018 9:15 AM GMT
വേനല്‍മഴയില്‍ കോളടിച്ച്  കേരളം

തിരുവനന്തപുരം: പോയമാസങ്ങളില്‍ സംസ്ഥാനത്തിന് ലഭിച്ചത് റെക്കോഡ് മഴ. മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31വരെ നീണ്ട വേനല്‍മഴക്കാലത്ത് ഇക്കുറി കേരളത്തിന് കിട്ടിയത് 40 ശതമാനം അധികമഴയാണ്. 40 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് വേനല്‍കാലത്ത് ഇത്രയുമധികം മഴ കേരളത്തിന് ലഭിക്കുന്നതെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും കണക്കുകള്‍ പറയുന്നു. ഇത്തവണ 370.2 മി.മീ മഴ പ്രതീക്ഷിച്ചിടത്ത് 518.6 മി.മീറ്ററാണ് പെയ്തിറങ്ങിയത്.

2016 ല്‍ 18 ശതമാനവും 2017 ല്‍ ഏഴ് ശതമാനവും മഴക്കുറവുണ്ടായ സ്ഥാനത്താണ് ഇത്തവണ ഇത്രയും ശക്തമായ മഴ രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം, ഏപ്രിലില്‍ ശക്തമായ വേനല്‍മഴ, മേയില്‍ സാഗര്‍, മെകുനു ചുഴലിക്കാറ്റുകളുടെ സാന്നിധ്യം എന്നിവയാണ് മഴത്തോത് കൂടാന്‍ കാരണം. കഴിഞ്ഞവര്‍ഷം നാല് ജില്ലകളില്‍ മാത്രമാണ് അധികമഴ ലഭിച്ചത്. ഇത്തവണ ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ മഴ ലഭിച്ചു. 2017ല്‍ മൂന്ന് ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ കോഴിക്കോടാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വേനല്‍മഴ ലഭിച്ചത്; 98 ശതമാനം അധികം. 342.3 മി.മീ പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 677 മി.മീറ്റര്‍. കഴിഞ്ഞ വര്‍ഷം 68 ശതമാനം മഴകുറഞ്ഞ കാസര്‍കോടിനും ഇത്തവണ കോളടിച്ചു.

67 ശതമാനം അധികമഴയാണ് കഴിഞ്ഞ മൂന്നുമാസംകൊണ്ട് ലഭിച്ചത്. മുന്‍കാലങ്ങളില്‍ വന്‍ മഴക്കുറവ് രേഖപ്പെടുത്തിയ വയനാട്, പാലക്കാട് ജില്ലകളിലും തുള്ളിക്കൊരുകുടം പോലെയാണ് വേനല്‍ മഴ പെയ്തിറങ്ങിയത്. 7071 ശതമാനം മഴ ഇരുജില്ലയിലും അധികമായി ലഭിച്ചു. ആലപ്പുഴ ജില്ലയില്‍ ഇത്തവണ 463.5 മി.മീ മഴ പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് കേവലം 446.5 മി.മീ മഴ മാത്രമാണ്. വേനല്‍മഴയുടെ ലഭ്യത ഇടവപ്പാതിയിലും (തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍) പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 31 വരെ നീളുന്ന ഇടവപ്പാതിയില്‍ കഴിഞ്ഞവര്‍ഷം കേരളത്തിന് അടിതെറ്റിയിരുന്നു. ഒമ്പത് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. എന്നാല്‍, കാലാവസ്ഥാസാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഈ സീസണില്‍ ഇടവപ്പാതി തകര്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍.

Top Stories
Share it
Top