മഴയുടെ മറവിൽ മറയൂരിൽ ചന്ദനമാഫിയ വിലസുന്നു

Published On: 2018-07-13T13:00:00+05:30
മഴയുടെ മറവിൽ മറയൂരിൽ ചന്ദനമാഫിയ വിലസുന്നു

ഇടുക്കി: കനത്തമഴയും കാട്ടാന ശല്യവും മുതലെടുത്ത് മറയൂരിൽ ചന്ദനമാഫിയ രംഗത്ത്. സംരക്ഷിത മേഖലയിൽ നിന്നും സ്വകാര്യ ഭൂമിയിൽ നിന്നും കഴിഞ്ഞദിവസങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ ചന്ദന മരങ്ങളാണ് മോഷണം പോയത്. കാന്തല്ലൂർ റെയിഞ്ചിലെ കാരയൂർ റിസർവ്വ് കുണ്ടിയാംപള്ളം ഭാഗത്ത് നിന്ന 7 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ചന്ദന മരമാണ് സുരക്ഷാസംവിധാങ്ങൾ മറികടന്ന് കഴിഞ്ഞദിവസം മോഷ്ടാക്കൾ കടത്തിക്കൊണ്ട് പോയത്. ഇതിന് തൊട്ടുപിന്നാലെ ബുധനാഴ്ച രാത്രിയിൽ കാന്തല്ലൂർ മിഷ്യൻ വയൽ ഭാഗത്ത് റോഡരുകിൽ നിന്ന ചന്ദനമരവും മോഷണം പോയി.

മിഷ്യൻ വയലിൽനിന്ന് മുറിച്ച ചന്ദനം സമീപത്ത് ആൾതാമസമില്ലാത്ത വീടിന്റെ വരാന്തയിൽ വച്ചാണ് ചെത്തിയൊരുക്കി ചെറുകഷ്ണങ്ങളാക്കിയത്. കാതലുള്ളഭാഗങ്ങൾ എടുത്തശേഷം ശിഖരവും മറ്റ് ഭാഗങ്ങളും വീട്ടുമുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തു. വീട്ടുടമയുടെ ചികിത്സക്കായി കുടുംബാംഗങ്ങൾ മൂന്നാറിലായിരുന്നു. ഇന്നലെയാണ് മോഷണവിവരം പ്രദേശവാസികൾ അറിയുന്നത്.

കഴിഞ്ഞദിവസം ചന്ദന മോഷണം നടന്ന കുണ്ടിയാംപള്ളം ഭാഗം സംരക്ഷിതവേലിയും വാച്ചർമാർ 24 മണിക്കൂറും ശക്തമായ പട്രോളിങ്ങും നടത്തുന്ന സ്ഥലമാണ്. കഴിഞ്ഞ നാല് ദിവസമായി മറയൂർ താഴ്‌വരയിൽ കനത്തമഴപെയ്യുന്നതും കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്ന സാഹചര്യും മുതലെടുത്താണ് ചന്ദന മോഷ്ടാക്കൾ വിലസുന്നത്. മറയൂർ ഡിവിഷനിൽ ഏറ്റവും അധികം ചന്ദന മോഷണം നടക്കുന്നത് കാന്തല്ലൂർ ഫോറസ്റ്റ് റേഞ്ചിലാണ്.

Top Stories
Share it
Top