രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും; മാണിക്ക് ലീ​ഗിന്റെ പിന്തുണ

Published On: 7 Jun 2018 12:15 PM GMT
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും; മാണിക്ക് ലീ​ഗിന്റെ പിന്തുണ

ന്യൂഡൽഹി: കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ്-എമ്മിന് നൽകാൻ കോൺഗ്രസിൽ ധാരണയായെന്ന് സൂചന. കേരള കോൺഗ്രസിനൊപ്പം മുസ്‌ലീം ലീഗു കൂടി ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുത്തതോടെ കോൺഗ്രസ് സംസ്ഥാന നേതൃത്വം വഴങ്ങുകയായിരുന്നുവെന്നാണ് വിവരം.

യുഡിഎഫ് തകര്‍ച്ച നേരിടുന്ന ഘട്ടത്തില്‍ രാജ്യസഭാ സീറ്റ് നല്‍കി കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരണം എന്ന നിര്‍ദേശമാണ് ഡല്‍ഹിയിലെ ചര്‍ച്ചയില്‍ ലീഗ് എടുത്തത്. ജെഡിയു മുന്നണി വിട്ടുപോയി. അതിന് മുന്നെ മുന്നണി വിട്ട കേരള കോണ്‍ഗ്രസിനെ എന്തുവില കൊടുത്തും യുഡിഎഫില്‍ തിരിച്ചുകൊണ്ടുവരണം. അതിന് കോൺഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി നിലപാടെടുത്തു.

ഘടകക്ഷികളുടെ പൊതുവികാരം മാനിക്കണമെന്നതിന്‍റെയും യുഡിഎഫിന്‍റെ വിശാല താത്പര്യം പരിഗണിക്കണമെന്നതിന്‍റെയും പേരിലാണ് സംസ്ഥാന കോൺഗ്രസ് നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നതെന്നാണ് സൂചന. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തിയെന്നും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അനുവാദം വാങ്ങിയ ശേഷം നിലപാട് പരസ്യമാക്കുമെന്നുമാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. അനുവാദം വാങ്ങുന്നതിന് മൂവരും ഇന്ന് വൈകിട്ട് അഞ്ചിന് രാഹുലുമായി കൂടിക്കാഴ്ച നടത്തും.

ഈ ഒറ്റത്തവണത്തേക്ക് മാത്രമായി വിട്ടുനല്‍കുക എന്ന ഉപാധി വച്ച് സീറ്റ് നല്‍കാം എന്ന അഭിപ്രായത്തിലാണ് കേരള നേതാക്കള്‍ ഇപ്പോഴുള്ളത്. തര്‍ക്കം രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ എത്തിക്കാതെ പരിഹരിക്കാനുള്ള തീവ്രചര്‍ച്ചയാണ് നടക്കുന്നത്.

Top Stories
Share it
Top