രാമായണ മാസാചരണത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറി

Published On: 2018-07-15T16:00:00+05:30
രാമായണ മാസാചരണത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറി

തിരുവനന്തപുരം: രാമായണ മാസം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്നാണ് പരിപാടിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം.

കെ.പി.സി.സി വിചാര്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ക്കിടകം ഒന്നിന് തൈക്കാട് ഗാന്ധിഭവനിലാണ് രാമായണ പരിപാടി നിശ്ചയിച്ചിരുന്നത്. ഉദ്ഘാടന ചടങ്ങില്‍ ശശി തരൂര്‍ എംപിയെ മുഖ്യ പ്രഭാഷകനായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉദ്ഘാടകനായും എത്തുമെന്നാണ് അറിയിച്ചത്. രാമായണ മാസം ആചരിക്കുന്നതിനെതിരെ കെ.മുരളീധരന്‍ എം.എല്‍.എയും കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരനും രംഗത്ത് വന്നതിന് പിന്നാലെയാണ് തീരുമാനം. പാര്‍ട്ടി ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും കെ.പി.സി.സിയുടെ നിയന്ത്രണത്തിലുള്ള കെ.പി.സി.സി വിചാര്‍വിഭാഗാണ് പരിപാടി സംഘടിപ്പിച്ചതെന്നും പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. പരിപാടി റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം അറിയിച്ചു

Top Stories
Share it
Top