ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വാർഷികം വഞ്ചനാദിനമായി ആഘോഷിക്കും;  എല്ലാം തകര്‍ത്തെറിഞ്ഞ രണ്ട് വര്‍ഷം രമേശ് ചെന്നിത്തലയുടെ പുസ്തകം

Published On: 2018-05-18T17:00:00+05:30
ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വാർഷികം വഞ്ചനാദിനമായി ആഘോഷിക്കും;  എല്ലാം തകര്‍ത്തെറിഞ്ഞ രണ്ട് വര്‍ഷം രമേശ് ചെന്നിത്തലയുടെ പുസ്തകം

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തെ നേരിടാൻ പ്രതിപക്ഷത്തിന്റെ വിപുലമായി പരിപാടികൾ. രണ്ടുവര്‍ഷത്തെ ഭരണത്തിലൂടെ നഷ്ടങ്ങളല്ലാതെ നേട്ടങ്ങളൊന്നും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സര്‍ക്കാരിന് ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ അവകാശമില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സംസ്ഥാനത്തുടനീളം വഞ്ചനാദിനം ആചരിക്കുന്നു. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും വഞ്ചനാദിനം ആചരിക്കുമെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തിലേത് ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തല എഴുതിയ 'എല്ലാം തകര്‍ത്തെറിഞ്ഞ രണ്ട് വര്‍ഷം' എന്ന പുസ്തകവും പ്രകാശനം ചെയ്തു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൈയ്യില്‍ നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതിയ ഒരു പദ്ധതിപോലും കേരളത്തില്‍ ആരംഭിച്ചിട്ടില്ല എന്നു മാത്രമല്ല യു.ഡി.എഫ്. സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ ഒന്നും തന്നെ പൂര്‍ത്തിയാക്കിയിട്ടുമില്ല. വികസനരംഗത്ത് പൂര്‍ണമായ മരവിപ്പാണ് ഉണ്ടായിരിക്കുന്നതെന്നു ചെന്നിത്തല ആരോപിച്ചു.

കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രമാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലും സാധനങ്ങള്‍ കിട്ടാനില്ല. മറ്റ് അവശ്യവസ്തുക്കള്‍ക്കും ദിനംപ്രതി വില കൂടിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെ കൊണ്ടു തന്നെയാണ് കണ്ണൂരില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കേണ്ട എന്നു തീരുമാനമെടുത്തതും പകരം വഞ്ചനാദിനം ആചരിക്കാന്‍ തീരുമാനിച്ചതും - രമേശ് ചന്നിത്തല പറഞ്ഞു.

കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും വഞ്ചനാദിനം ആചരിക്കും. ഇന്നു തന്നെയാണ് എല്ലാം തകര്‍ത്തെറിഞ്ഞ് രണ്ട് വര്‍ഷം എന്ന പുസ്തകം ഇറക്കാന്‍ ഏറ്റവും പറ്റിയ ദിവസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പോലീസിനു മേലുള്ള കടിഞ്ഞാണ്‍ നഷ്ടപ്പെട്ടിരിക്കുന്നു. സ്ത്രീസുരക്ഷാ മേഖലലയിലും സാമ്പത്തിക രംഗത്തും പൂര്‍ണമായ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. പോലീസ് പിടിച്ചാല്‍ തന്നെ ജീവനോടെ പുറത്തിറങ്ങാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയാണ് എല്ലാവര്‍ക്കും. രാഷ്ട്രീയ അക്രമങ്ങളും പോലീസ് അക്രമങ്ങളും ഏറ്റവും കൂടുതല്‍ ഉണ്ടായ രണ്ടു വര്‍ഷങ്ങളാണ് കടന്നു പോയതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഏറ്റവും അനുയോജ്യമായ പേരാണ് രമേശ് ചെന്നിത്തല പുസ്തകത്തിന് നല്‍കിയിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാം തകര്‍ത്തെറിയുന്ന അവസ്ഥയാണ് കാണാന്‍ കഴിഞ്ഞത്. വികസനവും കരുതലുമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ മുഖമുദ്ര, ഈ രണ്ട് കാര്യങ്ങളും പുതിയ സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച ഒരു പദ്ധതികള്‍ക്കും ആവശ്യമായ പിന്തുണ നല്‍കാതെ അവ നശിപ്പിച്ച് ഇല്ലാതാക്കിയിരിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top Stories
Share it
Top