കേരള കോൺ​ഗ്രസിന് സീറ്റ് നൽകിയത് രാഷ്ട്രീയ തീരുമാനം-ചെന്നിത്തല

Published On: 8 Jun 2018 9:00 AM GMT
കേരള കോൺ​ഗ്രസിന് സീറ്റ് നൽകിയത് രാഷ്ട്രീയ തീരുമാനം-ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സീറ്റ് ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ലെന്നും മാണിക്ക് സീറ്റ് കൊടുത്തത് രാഷ്ട്രീയ തിരുമാനമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം കോൺഗ്രസിനെയും മുന്നണിയെയും ശക്തിപ്പെടുത്തുമെന്നും വസ്തുതയറിയാതെയുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു തവണത്തേക്ക് മാത്രമുള്ള ധാരണ പ്രകാരമാണ് സീറ്റ് കേരള കോൺഗ്രസിന് നൽകിയത്. ഇതിലൂടെ കോൺഗ്രസിന്‍റെ സീറ്റ് നഷ്ടപ്പെടുകയില്ല. 2020 ൽ ഇതിന് പകരമായി രണ്ട് സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രചാരണം നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണം. ഇത് യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളില്‍ എത്തുന്നതിന് തടസ്സമാകുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

മുമ്പും കോണ്‍ഗ്രസ് ഇത്തരത്തിൽ സീറ്റ് വിട്ട് നല്‍കിയിട്ടുണ്ട്. ലീഗും മറ്റ് ഘടകക്ഷികളും ചേർന്നാൽ മാത്രമേ മുന്നണി ശാക്തമാകൂ. ഇക്കാര്യങ്ങൾ ഹൈകമാൻഡിന് മനസിലായതിനാലാണ് തീരുമാനം അംഗീകരിച്ചത്. കേരളകോണ്‍ഗ്രസിനെ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നടപടിയുടെ ഒരു പ്രത്യേക നീക്കം മാത്രമാണിത്. കോൺഗ്രസിനും യു.ഡി.എഫിനും ധാരണ ഗുണകരമാണ്. വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുമുണിയെയും ബി.ജെ.പിയെയും നിലംപരിശാക്കാൻ ഇതോടെ യു.ഡി.ഫിനാവുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Top Stories
Share it
Top