ഉനൈസിന്റെ കസ്റ്റഡിമരണത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല

Published On: 2018-05-16T15:45:00+05:30
ഉനൈസിന്റെ കസ്റ്റഡിമരണത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂർ പിണറായി സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായി ഉനൈസ് എന്ന ചെറുപ്പക്കാരൻ പൊലീസിന്റെ മർദ്ദനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ സമഗ്രവും നിക്ഷപക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.

എടക്കാട് പൊലീസിന്റെ മർദ്ദനത്തെ തുടർന്നാണ് ഉനൈസ് ഈ മാസം രണ്ടിന് മരിച്ചത്. ഫെബ്രുവരിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഉനൈസിന് സ്റ്റേഷനിൽ അതിക്രൂരമായ മർദ്ദനമാണേറ്റത്. മർദ്ദനത്തെ തുടർന്ന് ഉനൈസിന്റെ ആന്തരികാവയവങ്ങൾക്ക് ഗുരുതര ക്ഷതം സംഭവിച്ചിരുന്നു. മാത്രമല്ല ലോക്കപ്പിൽ വച്ച് തല്ലിക്കൊന്ന ശേഷം മരണം ആത്മഹത്യയാക്കി മാറ്റുമെന്ന് കസ്റ്റഡി മർദ്ദനത്തിന് നേതൃത്വം നൽകിയ എടക്കാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ഉനൈസിന്റെ ബന്ധുക്കളുടെ പരാതിയിലുണ്ടെന്ന് ചെന്നിത്തലയുടെ കത്തിൽ പറയുന്നു.

ഭാര്യയും നാല് ചെറിയ കുഞ്ഞുങ്ങളുമടങ്ങുന്ന നിർദ്ധന കുടുംബമാണ് ഉനൈസിന്റെ മരണത്തോടെ അനാഥരായത്. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മർദ്ദനങ്ങളും കേരളത്തിൽ അതിഭീകരമായ തോതിൽ കേരളത്തിൽ വർദ്ധിക്കുകയാണ്. ഇതിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാത്ത പക്ഷം ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

Top Stories
Share it
Top