സർഫാസി നിയമം പുന:പരിശോധിക്കണം: ആനി രാജ

ആനി രാജ പ്രീതാ ഷാജിയെ സന്ദർശിച്ചപ്പോൾ കൊച്ചി: ബാങ്ക് വായ്പ അടക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ഈടായി നല്‍കിയ വസ്തുവില്‍ നിന്നും തുക ഈടാക്കാമെന്ന...

സർഫാസി നിയമം പുന:പരിശോധിക്കണം: ആനി രാജ

ആനി രാജ പ്രീതാ ഷാജിയെ സന്ദർശിച്ചപ്പോൾ

കൊച്ചി: ബാങ്ക് വായ്പ അടക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ഈടായി നല്‍കിയ വസ്തുവില്‍ നിന്നും തുക ഈടാക്കാമെന്ന സര്‍ഫാസി നിയമം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് ആനിരാജ ആവശ്യപ്പെട്ടു. 2002ല്‍ നിലവില്‍ വന്ന സര്‍ഫാസി നിയമത്തില്‍ 2016ല്‍ മോദി സര്‍ക്കാറാണ് ഭേദഗതി വരുത്തിയത്. ഭേദഗതി ചെയ്യപ്പെട്ട നിയമം ഇന്ന് ബാങ്കുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്.

ജാമ്യക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ 30 ദിവസം മുമ്പെങ്കിലും അറിയിക്കണമെന്നുണ്ടെങ്കിലും അതൊന്നും തന്നെ നടപ്പാക്കുന്നില്ലെന്നും ആനിരാജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ഫാസി നിയമത്തിന്‍റെ ദുരിതമനുഭവിക്കുന്നത് പ്രീതഷാജി മാത്രമല്ല. വസ്തുവിന്‍റെ യഥാര്‍ത്ഥ ഉടമയെ അറിയിക്കാതെ ബാങ്ക് ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ല. പ്രീതാ ഷാജിയുടെ കിടപ്പാടം അന്യായമായി ജപ്തി ചെയ്യുന്നതിനെതിരെ എറണാകുളം ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച രാപ്പകള്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയ പ്രീതാഷാജിയെയും സര്‍ഫാസി വിരുദ്ധസമിതി പ്രവര്‍ത്തകരെയും സമര അനുകൂലികളെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടി അപലപനീയമാണെന്നും ആനിരാജ പറഞ്ഞു. പ്രീതാഷാജി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്.

പ്രീതാഷാജിയുടെ കടം എഴുതിതള്ളണമെന്നും സര്‍ഫാസി നിയമം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നല്‍കിയതായും അവര്‍ അറിയിച്ചും. കോടതി ഉത്തരവ് വിലയിരുത്തുമ്പോള്‍ പ്രീതാഷാജി വിഷയത്തില്‍ മനുഷ്യത്വരഹിതമായ നിലപാടാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും ആനിരാജ ചൂണ്ടിക്കാട്ടി. കേരള മഹിളാസംഘം ജില്ലാസെക്രട്ടറി എസ് ശ്രീകുമാരി, പ്രസിഡന്റ് മല്ലിക സ്റ്റാലിന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ സജിനി തമ്പി, ബ്യൂല നിക്സണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Read More >>