അടിമപ്പണിയുടെ വാര്‍ത്ത പുറത്തായതില്‍ ഐ പി എസ് അസോസിയേഷനു അമര്‍ഷം 

Published On: 2018-06-20 16:00:00.0
അടിമപ്പണിയുടെ വാര്‍ത്ത പുറത്തായതില്‍ ഐ പി എസ് അസോസിയേഷനു അമര്‍ഷം 

തിരുവനന്തപുരം: പൊലീസിലെ അടിമപ്പണിയുടെ വാര്‍ത്ത പുറത്തായതിൽ ഐപിഎസ് അസോസിയേഷന് അതൃപ്തിയെന്ന് റിപ്പോർട്ട്. അടിമപ്പണിയുടെ പേരിൽ ഐപിഎസ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കുന്നതിനെതിരെ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരുള്ളത് രാഷ്ട്രീയക്കാര്‍ക്കൊപ്പമാണെന്നും പൊലീസുകാരുടെയും ക്യാമ്പ് ഫോളോവര്‍മാരുടെയും കാര്യത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശം വേണമെന്നാണ് അസോസിയേഷന്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യം. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാനായാണ് അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടത്.

984 പൊലീസുകാരാണ് അംഗരക്ഷരായും ഉന്നതരുടെ ഓഫീസുകളിലും മറ്റുമായി ജോലി ചെയ്യുന്നതെന്നാണ് എഡിജിപി നടത്തിയ കണക്കെടുപ്പിന്റെ അന്തിമ പട്ടിക വ്യക്തമാക്കുന്നത്. പൊലീസ് ഉന്നതരുടെ വീട്ടുപണിക്കായി 29 ക്യാമ്പ് ഫോളോവര്‍മാരെ നിയോഗിച്ചിരിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഉന്നതരുടെ സുരക്ഷയ്ക്ക് ആകെ 984 പൊലീസുകാര്‍.

അതില്‍ മന്ത്രിമാര്‍ക്കും ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ക്കുമൊപ്പമാണ് കൂടുതല്‍ പൊലീസുകാര്‍ ഉള്ളത്. ജഡ്ജിമാരുടെ സുരക്ഷയ്ക്കായി 173 പേരും മന്ത്രിമാരുടെയും നേതാക്കളുടെയും സുരക്ഷയ്ക്ക് 388 പേരുമാണ് ഉള്ളത്. ഐപിഎസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം 333 പേരും ഐഎഎസ്- ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി 64 പൊലീസുകാരും പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്കുകള്‍ .

Top Stories
Share it
Top