ആലപ്പുഴയിൽ അവലോകനയോഗം മാത്രം; മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കില്ല

Published On: 4 Aug 2018 3:15 PM GMT
ആലപ്പുഴയിൽ അവലോകനയോഗം മാത്രം; മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കില്ല

തിരുവനന്തപുരം: നാളെ ആലപ്പുഴയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മഴക്കെടുതി ഏറ്റവും കൂടുതൽ നാശം വിതച്ച കുട്ടനാട് സന്ദർശിക്കില്ല. മുഖ്യമന്ത്രി കുട്ടനാട്ടിൽ എത്തുമെന്ന് മന്ത്രിമാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും നിലവിൽ തയ്യാറാക്കിയ പരിപാടിയിൽ ആലപ്പുഴയിൽ നടക്കുന്ന അവലോകന യോഗത്തിൽ മാത്രമാണ് പങ്കെടുക്കുക. ഇക്കാര്യവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിനും പൊലീസിനും ഇതുവരെ അറിയിപ്പും നൽകിയിട്ടില്ല.

കേന്ദ്രസംഘം ഉൾപ്പെടെ എത്തിയിട്ടും മുഖ്യമന്ത്രി സന്ദർശിക്കാത്തതിൽ പ്രതിപക്ഷവും ബി.ജെ,പിയും നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്ത സാഹചര്യത്തിൽ അവലോകന യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കുട്ടനാട്ടില്‍ ഉള്‍ഗ്രാമങ്ങളുള്‍പ്പെടെ രണ്ട് തവണ പ്രതിപക്ഷ നേതാവും സംഘവും സന്ദര്‍ശനം നടത്തിയിരുന്നു.

ഞായറാഴ്ച്ച രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് അവലോകനയോഗം നടക്കുക. 500 കോടിയിലധികം നഷ്ടം ഉണ്ടായ കുട്ടനാട്ടില്‍ ജനങ്ങള്‍ ഇതുവരെ ദുരിത കയത്തില്‍ നിന്നും കരകയറിയിട്ടില്ല. മുന്‍ മന്ത്രിയും സ്ഥലം എംഎല്‍എ കൂടിയായ തോമസ്ചാണ്ടിയും വേണ്ടത്ര ഇടപെടാത്തതില്‍ കുട്ടനാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.

Top Stories
Share it
Top