വിവരാവകാശ മറുപടി വൈകി; തിരൂരില്‍ പി ഡബ്ല്യൂ  ഡി എൻജിനീയറെ ഓഫീസിൽ കയറി തല്ലി

Published On: 2018-06-11T21:30:00+05:30
വിവരാവകാശ മറുപടി വൈകി; തിരൂരില്‍ പി ഡബ്ല്യൂ  ഡി എൻജിനീയറെ ഓഫീസിൽ കയറി തല്ലി

തിരൂർ: വിവരാവകാശ അപേക്ഷക്കുള്ള മറുപടി വൈകിയതിന് പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനീയർക്ക് നേരെ മർദനം. തിരൂർ കെട്ടിട വിഭാഗം അസി.എഞ്ചിനീയര്‍ ചന്ദ്രാംഗതനാണ് മർദനമേറ്റത്. കെട്ടിട വാടക നിർണയവുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസിൽ നൽകിയ അപേക്ഷയുടെ പേരിലായിരുന്നു മർദനം. രാമചന്ദ്രൻ എന്നയാളാണ് മർദിച്ചതെന്ന് അസി. എൻജിനീയർ പോലീസിന് മൊഴി നൽകി.

രാമചന്ദ്രൻ താലുക്ക് ഓഫീസിൽ നൽകിയ അപേക്ഷ തഹസിൽദാർ കെട്ടിട വിഭാഗം തിരൂർ ഓഫീസിലേക്ക് കൈമാറിയിരുന്നു. രാമചന്ദ്രൻ ആവശ്യപ്പെട്ട വിവരങ്ങൾ കുറ്റിപ്പുറം ഓഫീസിന്റെ പരിധിയിലായിരുന്നതിനാൽ തിരൂരിൽ നിന്ന് അപേക്ഷ മടക്കി. ഇക്കാര്യം രേഖാമൂലം തഹസിൽദാറെ അറിയിച്ചിരുന്നു. ഇതറിയാതെ എത്തിയ രാമചന്ദ്രൻ വിവരങ്ങൾ നൽകേണ്ടത് കുറ്റിപ്പുറം ഓഫീസിൽ നിന്നാണെന്ന് അറിയിച്ചതോടെ ബഹളമുണ്ടാക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു.

തുടർന്ന് രണ്ട് മണിയോടെ ഓഫീസിൽ തിരിച്ചെത്തിയ രാമചന്ദ്രൻ എൻജിനീയറെ മർദ്ദിക്കുകയായിരുന്നു. ഓഫീസിൽ നിന്ന് കുതറി ഓടിയതിനാലാണ് എൻജിനീയർ സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ചന്ദ്രാംഗതൻ തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Top Stories
Share it
Top