ഇടതുമുന്നണിയിലേക്ക് വരാന്‍ സിപിഐഎം ആര്‍എസ്പി നേതാക്കള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കുന്നതായി പ്രേമചന്ദ്രന്‍

കൊല്ലം: സിപിഐഎമ്മിനെതിരെ ആരോപണങ്ങളുമായി ആര്‍എസ്പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍. തങ്ങളുടെ നേതാക്കള്‍ക്ക് വലിയ ഓഫറുകളാണ് സിപിഐഎം നല്‍കുന്നത്....

ഇടതുമുന്നണിയിലേക്ക് വരാന്‍ സിപിഐഎം ആര്‍എസ്പി നേതാക്കള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കുന്നതായി പ്രേമചന്ദ്രന്‍

കൊല്ലം: സിപിഐഎമ്മിനെതിരെ ആരോപണങ്ങളുമായി ആര്‍എസ്പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍. തങ്ങളുടെ നേതാക്കള്‍ക്ക് വലിയ ഓഫറുകളാണ് സിപിഐഎം നല്‍കുന്നത്. ആര്‍എസ്പിയില്‍ വിഭാഗീയത ഉണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ഐക്യമല്ല സിപിഐഎമ്മിന്റെ ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ ക്ഷണമുള്‍പ്പെടെയുളള നീക്കമെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിമാറ്റ ചര്‍ച്ചകള്‍ വീണ്ടും കളംപിടിക്കവെ ആര്‍എസ്പിയിലെ ഒരു വിഭാഗം എല്‍ഡിഎഫുമായി അടുക്കുന്നുവെന്ന സൂചനകള്‍ നിലനില്‍ക്കെയാണ് പ്രേമചന്ദ്രന്റെ പരാമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയനുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ ഷിബു ബേബി ജോണ്‍ തന്നെ ഇത് നിഷേധിക്കുകയും ആരുടെയോ ഭാവനയില്‍ ഉദിച്ചതാണ് രഹസ്യകൂടിക്കാഴ്ചയെന്നും പറഞ്ഞിരുന്നു.

കൊല്ലം ചവറയില്‍ നടന്ന കണ്‍സ്ട്രക്ഷന്‍ അക്കാദമിയുടെ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഷിബു ബേബി ജോണിനെ പ്രശംസിച്ച് സംസാരിച്ചതിന് പിന്നാലെയാണ് രഹസ്യ കൂടിക്കാഴ്ച നടന്നെന്ന ആരോപണം ഉയര്‍ന്നത്.

നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് വിടേണ്ട ഒരു രാഷ്ട്രീയ സാഹചര്യവും നിലവില്‍ ഇല്ലെന്ന് വ്യക്തമാക്കി കോടിയേരിയുടെ ക്ഷണം ആര്‍എസ്പി തളളിക്കളയുകയായിരുന്നു.

Read More >>