സിപിഎമ്മിന്റെ ക്ഷണം നന്നാക്കാനല്ല, നക്കിക്കൊല്ലാനെന്ന് എ എ അസീസ്

തിരുവനന്തപുരം: ദേശീയതലത്തിലെ ഇടത് ഐക്യം ഉയർത്തിക്കാട്ടി ആർ.എസ്.പിയെ ഇടതുമുന്നണിയിലേക്ക് സി.പി.എം ക്ഷണിക്കുന്നത് നന്നാക്കാനല്ല, മറിച്ച്...

സിപിഎമ്മിന്റെ ക്ഷണം നന്നാക്കാനല്ല, നക്കിക്കൊല്ലാനെന്ന് എ എ അസീസ്

തിരുവനന്തപുരം: ദേശീയതലത്തിലെ ഇടത് ഐക്യം ഉയർത്തിക്കാട്ടി ആർ.എസ്.പിയെ ഇടതുമുന്നണിയിലേക്ക് സി.പി.എം ക്ഷണിക്കുന്നത് നന്നാക്കാനല്ല, മറിച്ച് നക്കിക്കൊല്ലാനാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. ഒരു തരത്തിലും ആർ.എസ്.പി ഇപ്പോൾ യു.ഡി.എഫ് വിടേണ്ട സാഹചര്യമില്ലെന്നും പാർട്ടി സംസ്ഥാനകമ്മിറ്റി യോഗത്തിന് ശേഷം അസീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആർ.എസ്.പിയെ ഇടതുമുന്നണിയിലേക്ക് തിരിച്ചുവിളിച്ച് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖപത്രത്തിലെഴുതിയ ലേഖനം ചർച്ചയായ സാഹചര്യത്തിലാണ് ഇന്നലെ ആർ.എസ്.പി സംസ്ഥാനകമ്മിറ്റി യോഗം ചേർന്ന് നിലപാട് വ്യക്തമാക്കിയത്.

പാർട്ടി പ്രവർത്തകരെ ആശങ്കയിലാക്കാനും അവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള ഗൂഢശ്രമമാണ് ഈ സ്വാഗതം ചെയ്യൽ. ആർ.എസ്.പിയെ ഞെക്കിക്കൊല്ലാൻ നോക്കിയിട്ട് നടക്കാതെ വന്നപ്പോൾ സ്നേഹിച്ച് വകവരുത്താൻ നോക്കുന്നു. ആർ.എസ്.പി യു.ഡി.എഫിന്റെ ഭാഗമാണ്. ആ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോൾ ലക്ഷ്യം. 34 കൊല്ലം എൽ.ഡി.എഫിന്റെ ഭാഗമായി നിന്ന പാർട്ടിക്ക് യു.ഡി.എഫിലേക്ക് പോകേണ്ടി വന്നത് ചില തിക്താനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരു പാർലമെന്റ് സീറ്റിന് വേണ്ടി മാത്രം മുന്നണി വിട്ടതല്ല. രണ്ട് എം.പിമാരും 9 എം.എൽ.എമാരുമുണ്ടായിരുന്ന പാർട്ടിയാണ് ആർ.എസ്.പി. എൽ.ഡി.എഫിൽ പ്രവർത്തിച്ചതിന്റെ ഫലായി സീറ്റുകളെല്ലാം സി.പി.എം കവർന്നെടുത്തു. ഒരു എം.പിയോ 5 എം.എൽ.എമാരോ ഉണ്ടെങ്കിലേ സംസ്ഥാനപാർട്ടിയായി നിൽക്കാനാവൂ എന്നും അസീസ് പറഞ്ഞു.

Read More >>