ശബരിമല സ്ത്രീ പ്രവേശനം: സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും

Published On: 2018-07-19T09:15:00+05:30
ശബരിമല സ്ത്രീ പ്രവേശനം: സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജികളില്‍ സുപ്രിംകോടതിയില്‍ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ശബരിമല പൊതു ക്ഷേത്രമാണെങ്കില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമല്ലേയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷണം നടത്തിയിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശം നിയമവുമായി ബന്ധപ്പെട്ടതല്ലെന്നും അത് മൗലിക അവകാശമാണെന്നും സുപ്രിംകോടതി പറഞ്ഞു. ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഹര്‍ജിക്കാരുടെ വാദം പൂര്‍ത്തിയായെങ്കിലും അമികസ് ക്യൂറിയും തിരുവിതാംകൂര്‍ ദേവസ്വ ബോര്‍ഡുമടക്കമുള്ളവരുടെ വാദം ഇനിയും കഴിയാനുണ്ട്.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനൂകൂലിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നടന്നത്.

സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന അമിക്കസ് ക്യൂറി രാമമൂര്‍ത്തി, എന്‍.എസ്.എസ്. ഉള്‍പ്പെടെ വിവിധ സംഘടനകള്‍ തുടങ്ങിയവരും വാദം നടത്തും.

Top Stories
Share it
Top