ശബരിമല സ്ത്രീ പ്രവേശനം: മുൻ നിലപാട് ആവർത്തിച്ച് ദേവസ്വം ബോർഡ്

Published On: 24 July 2018 8:30 AM GMT
ശബരിമല സ്ത്രീ പ്രവേശനം: മുൻ നിലപാട് ആവർത്തിച്ച് ദേവസ്വം ബോർഡ്

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് മുൻ നിലപാട് ആവർത്തിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ. സ്ത്രീ പ്രവേശനത്തെ എതിർത്ത ദേവസ്വം അഭിഭാഷകൻ മനു അഭിഷേക് സിങ്വി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന് ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദിച്ചു.

10 മുതൽ 50 വയസ് വരെയുള്ള സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഈ നിയന്ത്രണം തുടരണം. ഒാരോ സമുദായത്തിനും വ്യത്യസ്ത ആചാരങ്ങളാണെന്നും അഭിഷേക് സിങ്വി വ്യക്തമാക്കി.

ശാരീരിക സവിശേഷതയാണ് നിയന്ത്രണത്തിന്‍റെ അടിസ്ഥാനമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലെ നിലവിലെ ആചാരങ്ങളെ ആധുനിക മൂല്യങ്ങൾവെച്ച് അളക്കരുത്. ക്ഷേത്രാചാരങ്ങളിൽ തീരുമാനം എടുക്കേണ്ടത് തന്ത്രിയാണെന്നും സിങ്വി ചൂണ്ടിക്കാട്ടി.

41 ദിവസത്തെ വ്രതം മനസും ശരീരവും ശുദ്ധീകരിക്കാനാണ്. സ്ത്രീകൾക്ക് ഈ വ്രതം പാലിക്കാൻ സാധിക്കില്ല. അതു കൊണ്ടാണ് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയത്. ശാരീരികമായി പ്രത്യേകതകളുള്ള എല്ലാവർക്കും നിയന്ത്രണം ബാധകമാണ്. സ്ത്രീ എന്നത് മാത്രമല്ല നിയന്ത്രണത്തിന് അടിസ്ഥാനം. മുസ് ലിം പള്ളികളിൽ അടക്കം വിവിധ ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കുണ്ടെന്നും ദേവസ്വം വാദിച്ചു.

Top Stories
Share it
Top