ആവിഷ്‌കാരം തടയുന്നവര്‍ ഇന്ത്യയെ വീണ്ടും വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍

കോഴിക്കോട്: ഹൈന്ദവതയുടെ പേരില്‍ ഇന്ത്യയെ വീണ്ടും വിഭജിക്കാന്‍ ശ്രമിക്കുന്നവരാണ് ആവിഷ്‌കാര സ്വാതന്ത്രത്തെ എതിര്‍ക്കുന്നതെന്ന് കവി സച്ചിദാനന്ദന്‍....

ആവിഷ്‌കാരം തടയുന്നവര്‍ ഇന്ത്യയെ വീണ്ടും വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍

കോഴിക്കോട്: ഹൈന്ദവതയുടെ പേരില്‍ ഇന്ത്യയെ വീണ്ടും വിഭജിക്കാന്‍ ശ്രമിക്കുന്നവരാണ് ആവിഷ്‌കാര സ്വാതന്ത്രത്തെ എതിര്‍ക്കുന്നതെന്ന് കവി സച്ചിദാനന്ദന്‍. കോഴിക്കോട് സാംസ്‌കാരിക വേദി സംഘടിപ്പിച്ച എഴുത്തിലെ സ്ത്രീവിരുദ്ധതയും മീശയുടെ രാഷ്ട്രീയവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സര്‍ഗാത്മക പാരമ്പര്യത്തിന്റെ അംശത്തെ നിശ്ശബ്ദമാക്കാനും വിവേചനങ്ങളുടെ ദുഷ്പാരമ്പര്യത്തെ പോഷിപ്പിക്കാനുമാണ ഹിന്ദുവക്താക്കളെന്ന പേരില്‍ വരുന്ന കക്ഷികള്‍ ശ്രമിക്കുന്നത്. എഴുത്തുകാരുടെയും കലാകാരന്മാരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യം സന്ധിയില്ലാത്തതാണ്. അതിനെയാണ് ഇന്ന് ചോദ്യം ചെയ്യുന്നത്. പലഘട്ടത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ എഴുത്തുകാരനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുന്നതെല്ലാം അടുത്ത കാലത്താണ് വര്‍ധിച്ചത്. കഥയെ കഥയായും നോവലിനെ നോവലായും കാണാന്‍ കഴിയണം. അല്ലാതെ കഥാപാത്രത്തിന്റെ സംഭാഷണം അടര്‍ത്തിയെടുത്ത് എഴുതിയ ആളുടെ വായില്‍ തിരുകുന്നത് ശരിയല്ല. ഹരീഷിനെതിരെയുണ്ടായ പ്രധാന പ്രസ്താവന യോഗക്ഷേമ സഭയില്‍ നിന്നാണ് ഉയര്‍ന്നത്. പുരോഗമന ചിന്താഗതിക്കാരായ വി.ടി. ഭട്ടതിരിപ്പാടും ഇഎംഎസുമെല്ലാം വളര്‍ത്തിയ സംഘടനയാണിത്.

നമ്പൂതിരിയെ മനുഷ്യനാക്കുക എന്നായിരുന്ന വി.ടി. യുടെ മുദ്രാവാക്യം. എന്നാല്‍ അന്നാരും വി.ടിയുടെ കൈവെട്ടുമെന്നുപറഞ്ഞിട്ടില്ല. ഇന്ന് ഒരു വിഭാഗം ആളുകള്‍ മതത്തെ അതിന്റെ ആത്മീയത ചോര്‍ത്തി വര്‍ഗീയമാക്കുകയാണ്. മതത്തെ രാഷ്ട്രീയ ഉപകരണവും അധികാര ഉപാധിയുമായി മാറ്റുന്നവരാണ് എഴുത്തുക്കാര്‍ക്കെതിരെ രംഗത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യ കൃതികളോട് സ്നേഹവും ബഹുമാനവും കാണിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. മീശ എന്ന നോവലിലൂടെ ഹരീഷ് എന്ന എഴുത്തുകാരനെ ഭീഷണിപ്പെട്ടുത്തുന്നതോടെ ഈ പാരമ്പര്യമാണ് നഷ്ടപ്പെടുന്നത്. ഹരീഷിന് എഴുത്തുകാരുടെ പൂര്‍ണ്ണ പുന്തുണ നല്‍ക്കേണ്ടതുണ്ട്. അദ്ദേഹത്തെ കൊണ്ട് നോവല്‍ വീണ്ടും പ്രസിദ്ധീകരിപ്പിക്കേണ്ടത് എഴുത്തുകാരുടെ കടമയാണെന്നും കെ.പി. രാമനുണ്ണി പറഞ്ഞു.

എഴുത്തുകാര്‍ ഭീരുക്കളല്ലെന്ന് തെളിയിച്ചില്ലെങ്കില്‍ അതിക്രമങ്ങള്‍ നടക്കുമെന്ന് പി.കെ. പാറക്കടവ് പറഞ്ഞു. യഥാര്‍ഥ വിശ്വാസികളല്ല നോവല്‍ വായിച്ച് പ്രശ്നമുണ്ടാക്കിയത്. ഗാന്ധി വായിച്ച ഗീതയും ഗോഡ്സെ വായിച്ച് ഗീതയും രണ്ടു തരത്തിലായിരുന്നു. ഗോഡ്സെയുടെ കണ്ണടയിലൂടെ സാഹിത്യത്തെ നോക്കികാണുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സാഹിത്യ കൃതികള്‍ വായിക്കുന്നവര്‍ ഹിന്ദു കണ്ണടയും മുസ്ലീം കണ്ണടയും ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. േ