ശബരിമല വനത്തിലെ ആദിവാസികളെ  ദേവസ്വം ബോർഡ് സംരക്ഷിക്കും 

Published On: 21 Jun 2018 1:45 PM GMT
ശബരിമല വനത്തിലെ ആദിവാസികളെ  ദേവസ്വം ബോർഡ് സംരക്ഷിക്കും 

പത്തനംതിട്ട: ശബരിമല വനത്തിലെ ആദിവാസികളെ ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള നിർണ്ണായക തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വീട്, വിദ്യാഭ്യാസം, തൊഴിൽ എന്നിവയൊന്നുമില്ലാതെ അലഞ്ഞു തിരിയുന്ന ആദിവാസി കുടുംബങ്ങളെ ഏറ്റെടുത്ത് സംരക്ഷിക്കാനാണ് ദേവസം ബോർഡിൻെറ ശ്രമം.

ശബരിമലയിലെ ആദിവാസികൾക്കായി വീട് വച്ച് നൽകുക, വിദ്യാഭ്യാസം ലഭ്യമാക്കുക, നിലവിലെ നിയമ വ്യവസ്ഥകൾ പ്രകാരം അവർക്ക് യോഗ്യത അനുസരിച്ച് ജോലി കൊടുക്കുക, വസ്ത്രം,ഭക്ഷണം, ചികിൽസ എന്നിവക്ക് വഴിയൊരുക്കുക എന്നിങ്ങനെയുള്ളവ ഉൾപ്പെടുത്തി വലിയൊരു പദ്ധതിയാണ് ശബരിമലയിലെ ആദിവാസികൾക്കായി ദേവസ്വം ബോർഡ് തയ്യാറാക്കുന്നതെന്ന് പത്മകുമാർ വ്യക്തമാക്കി.

ശബരിമല അയ്യപ്പക്ഷേത്രത്തിൽ താത്ക്കാലിക ജീവനക്കാരായി ആദിവാസി വിഭാഗത്തിന് നിലവിൽ ജോലി നൽകുന്നുണ്ട്. പക്ഷേ ദയനീയമായ ജീവിത സാഹചര്യം കാരണം അവർ അവിടെ സ്ഥിരമായി നിൽക്കാറില്ല. കൂടാതെ ആദിവാസി കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യവും ഇല്ല. ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോർഡിംഗ് സംവിധാനമൊരുക്കി കുട്ടികളുടെ പഠനം ഉറപ്പാക്കാനും ആണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ധരിപ്പിച്ചിട്ടുണ്ട്.

ദേവസ്വം ബോർഡിന്റെ നിർണ്ണായക തീരുമാനത്തെ സ്വാഗതം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടു. പട്ടികജാതി -പട്ടിക വകുപ്പ് മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്ത് വകുപ്പിന്റെ ഏകോപനത്തോടെ ദേവസ്വം ബോർഡ് പദ്ധതിയുമായി മുന്നോട്ടു പോകണ മെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേ സമയം ദേവസ്വം ബോർഡിന്റെ ,ശബരിമലയിലെ ആദിവാസികൾക്കായുള്ള പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരം കിട്ടിയതിൽ സന്തോഷമുണ്ടെന്നും പ്രസിഡന്റ് പത്മകുമാർ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചാൽ വിഷയം ചർച്ച ചെയ്ത് അന്തിമ നടപടികൾ കൈക്കൊള്ളുമെന്നും പ്രസിഡന്റ് മുൻ എം.എൽ.എ എ.പത്മകുമാർ വാർത്താകുറിപ്പിൽ അറിയിച്ചു.

Top Stories
Share it
Top