സരിത നായർ തമിഴ്‌നാട് രാഷ്‌ട്രീയത്തിലേക്ക്; അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാക്കളുമായി കൂടിക്കാഴ്‌ച

Published On: 24 Jun 2018 10:00 AM GMT
സരിത നായർ തമിഴ്‌നാട് രാഷ്‌ട്രീയത്തിലേക്ക്; അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാക്കളുമായി കൂടിക്കാഴ്‌ച

തിരുവനന്തപുരം: സരിത എസ്.നായർ തമിഴ്നാട് രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്. തമിഴ്നാട്ടിലെ ടി.ടി.വി ദിനകരന്‍റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ ചേരാന്‍ ക്ഷണം ലഭിച്ചതായി സരിത പറഞ്ഞു. രണ്ടുദിവസം മുമ്പ് പ്രവര്‍ത്തകര്‍ വീട്ടില്‍ വന്നാണ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. രണ്ടാഴ്‌ചയ്‌ക്കകം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും സരിത വ്യക്തമാക്കി.

അമ്മ മക്കള്‍ മുന്നേറ്റ കഴകം കന്യാകുമാരി ജില്ലാ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.ടി പച്ചമാലുമായി സരിത കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ജില്ലാ നേതാക്കൾക്കൊപ്പം ഇരുവരും നിൽക്കുന്ന ചിത്രവും ചില പ്രാദേശിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് സരിത നായരുടെ രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് ചൂടു പിടിച്ചത്.

തക്കല പരിസരത്ത് പേപ്പർ കപ്പ് നിർമ്മാണശാലയും വിൽപന കേന്ദ്രവും തുറക്കാൻ മാസങ്ങൾക്കു മുൻപ് സരിത പദ്ധതി തുടങ്ങിയിരുന്നു. അവിടുത്തെ കോൺഗ്രസ് പ്രവർത്തകരുടെ എതിർപ്പ് തടയാനാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി കൈകോർക്കുന്നതെന്നും സരിത വ്യക്തമാക്കി.

അതേസമയം, സരിതയുമായി കൂടിക്കാഴ്‌ച നടത്തിയതായി അമ്മ മക്കള്‍ മുന്നേറ്റ കഴകം വക്താക്കൾ സ്ഥിരീകരിച്ചു. എന്നാൽ പാർട്ടിയിൽ അംഗത്വം കൊടുക്കുന്നതിനെക്കുറിച്ച് ആലോചനകൾ നടന്നില്ലെന്നും അവർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വർത്ത റിപ്പോർട്ട് ചെയ്തത്.

Top Stories
Share it
Top