പാല്‍ ഉല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക്: ടി.വി രാജേഷ് എം.എല്‍.എ

കണ്ണൂർ: പാല്‍ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക് കടക്കുകയാണെന്ന് ടി.വി രാജേഷ് എം.എല്‍.എ. സംസ്ഥാന സര്‍ക്കാര്‍...

പാല്‍ ഉല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക്: ടി.വി രാജേഷ് എം.എല്‍.എ

കണ്ണൂർ: പാല്‍ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക് കടക്കുകയാണെന്ന് ടി.വി രാജേഷ് എം.എല്‍.എ. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നാലു പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഹരിത കേരളം പദ്ധതിയെന്നും ഭക്ഷ്യ സ്വയംപര്യാപ്തത തന്നെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചന്തപ്പുരയില്‍ പറഞ്ഞു. പാല്‍ ഗുണനിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെ ഭാഗമായി ക്ഷീര വികസന വകുപ്പും കടന്നപ്പള്ളി തെക്കേക്കര ക്ഷീരോല്‍പ്പാദക സഹകരണ സംഘവും സംഘടിപ്പിച്ച പാല്‍ ഗുണ നിലവാര ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ ജില്ലയില്‍ ക്ഷീരോത്പാദന രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം ആറ് ലക്ഷത്തി മുപ്പത്തിയൊന്നായിരം ലിറ്റര്‍ പാലാണ് ജില്ലയില്‍ പ്രതിദിനം വേണ്ടിവരുന്നത്. ഇതില്‍ ആറ് ലക്ഷത്തി മുപ്പതിനായിരത്തോളം ലിറ്റര്‍ പാല്‍ നിലവില്‍ ക്ഷീരസംഘങ്ങള്‍ വഴി ഉല്‍പ്പാദിക്കുന്നുണ്ട്. പാലിന്റെ കാര്യത്തില്‍ ജില്ല ഏതാണ്ട് സ്വയംപര്യാപ്തത കൈവരിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

നമുക്കാവശ്യമായ സാധനങ്ങള്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കണമെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ക്ഷീരമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും പദ്ധതി വിഹിതത്തിന്റെ നിശ്ചിത തുക ഇതിനായി മാറ്റിവെച്ചിട്ടുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

ചന്തപ്പുര ഗ്രാമപഞ്ചായത്ത് സംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പച്ചക്കറി ഉല്‍പ്പാദനത്തില്‍ പഞ്ചായത്ത് സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഒരുമാസം പഞ്ചായത്തില്‍ നിന്ന് ഏഴര ലക്ഷം രൂപയുടെ പച്ചക്കറിയാണ് സംഭരിച്ച് വിതരണം ചെയ്യുന്നത്. ഒരു വര്‍ഷം കൊണ്ട് ക്ഷീരോത്പാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കുന്ന പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെ നടക്കുന്ന പാല്‍ ഗുണനിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെ ഭാഗമായാണ് ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ശുദ്ധമായ പാല്‍ ഉല്‍പാദനം എന്ന വിഷയത്തില്‍ കണ്ണൂര്‍ ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും ക്വാളിറ്റി കണ്‍ട്രോള്‍ റൂം ഓഫീസറുമായ എന്‍.വി രജീഷ് കുമാറും, പാല്‍ പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ തളിപ്പറമ്പ് ക്ഷീര വികസന വകുപ്പ് ഓഫീസര്‍ മെറിന്‍ ജേക്കബ് തോമസും ക്ലാസെടുത്തു. പരിപടിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ റൂം ലാബ് ടെക്‌നീഷ്യന്‍ സുനില്‍ കുമാര്‍ കെ.പി ഗുണനിലവാര പരിശോധനയുടെ ഡമോണ്‍സ്‌ട്രേഷന്‍ അവതരിപ്പിച്ചു.

സഹകരണ സംഘം പ്രസിഡന്റ് പി.കെ കൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി കെ സുവര്‍ണ്ണന്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, സഹകരണ സംഘം മുന്‍ പ്രസിഡന്റ് പി.വി ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Read More >>