കന്യാസ്ത്രീയെ പിന്തുണച്ച് ഇടവക വികാരി; ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്തേക്കും

കോട്ടയം: ലൈംഗികാരോപണ വിവാദത്തിൽ ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീകളെ പിന്തുണച്ച് ഇടവക വികാരി രം​ഗത്ത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റേതെന്ന്...

കന്യാസ്ത്രീയെ പിന്തുണച്ച് ഇടവക വികാരി; ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്തേക്കും

കോട്ടയം: ലൈംഗികാരോപണ വിവാദത്തിൽ ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീകളെ പിന്തുണച്ച് ഇടവക വികാരി രം​ഗത്ത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റേതെന്ന് സംശയിക്കുന്ന ശബ്ദരേഖയും വാട്‌സ്ആപ്പ് സന്ദേശങ്ങളും അടക്കം ശക്തമായ തെളിവുകളാണ് കന്യാസ്ത്രീയുടെ പക്കലുളളതെന്ന് ഫാ നിക്കോളാസ് മണിപ്പറമ്പിൽ പറഞ്ഞു.

താൻ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചു. ജലന്ധർ ബഷപ്പിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്നും ഇക്കാര്യത്തിൽ വേഗം ഒത്തുതീർപ്പുണ്ടാക്കണമെന്നും താൻ ബിഷപ്പിന്റെ സഹായിയെ വിളിച്ച് അഭ്യർത്ഥിച്ചതായാണ് ഇടവക വികാരി പറഞ്ഞത്. എന്നാൽ വിഷയം ഗൗരവത്തിലെടുക്കാൻ ബിഷപ്പിന്റെ സഹായി തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. മാതൃഭൂമി ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

അതേസമയം ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. രഹസ്യമൊഴി എടുക്കുന്നതിനുളള പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. രഹസ്യമൊഴി ലഭിച്ച ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുളള നീക്കം പൊലീസ് തുടങ്ങും. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം ചാലക്കുടിയിലും പരിശോധന നടത്തും.

കന്യാസ്ത്രിയുടെ മൊഴിയെ തുടര്‍ന്ന് പീഡനം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജലന്തര്‍ ബിഷപ്പിനെതിരെ കേസെടുത്തിട്ടുള്ളത്. കുറവിലങ്ങാട് മഠത്തില്‍വെച്ച് 13 തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രിയുടെ മൊഴി. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിന്റെ അറസ്റ്റിന് സാധ്യത തെളിയുന്നത്. 13 തവണയും ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തിയതിന് വിസിറ്റേഴ്‌സ് റജിസ്റ്റര്‍ തെളിവാണ്. വൈദ്യപരിശോധന റിപ്പോര്‍ട്ടും പീഡനം നടന്നതായി സ്ഥിരീകരിക്കുന്നു. ഇത് കൂടാതെ ബിഷപ്പ് ഫോണ്‍ സെക്‌സിന് പ്രേരിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും കന്യാസ്ത്രി മൊഴി നല്‍കിയിട്ടുണ്ട്.

കന്യാസ്ത്രിയുടെ ഫോണും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. 2014 ഏപ്രില്‍ അഞ്ചിനാണ് ആദ്യ പീഡനത്തിന് ഇരയായതെന്നാണ് കന്യാസ്ത്രിയുടെ മൊഴി. ചാലക്കുടിയില്‍ സഭയുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനാണ് അന്വേഷണം സംഘം ചാലക്കുടിയിലെത്തുക. കന്യാസ്ത്രിയുടെ രഹസ്യമൊഴിയും ബിഷപ്പിന്റെ അറസ്റ്റില്‍ നിര്‍ണായകമാകും. പീഡനത്തിനിരയായ കാലയളവില്‍ പരാതിക്കാരിക്കൊപ്പം മൂന്ന് കന്യാസ്ത്രികളാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മറ്റു രണ്ടുപേരുടെ മൊഴിയും അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും. തെളിവുകള്‍ ശേഖരിച്ച ശേഷം ബിഷപ്പിനെ ജലന്തറിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം

Read More >>