ജലന്ധർ ബിഷപ്പിന്റെ പീഡനം: മാർ ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നു 

Published On: 2018-07-18 11:15:00.0
ജലന്ധർ ബിഷപ്പിന്റെ പീഡനം: മാർ ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നു 

കൊച്ചി: ജലന്ധർ ബിഷപ്പ്​ ഫ്രാങ്കോ മുളക്കൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കന്യാസ്​ത്രീയുടെ പരാതിയിൽ പൊലീസ്​ സീറോ മലബാർ സഭ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരിയുടെ മൊഴി എടുക്കുന്നു. കൊച്ചിയിലെ സഭാ ആസ്​ഥാനത്ത്​ എത്തിയാണ്​ മൊഴി എടുക്കുന്നത്​.

ബിഷപ്പിന്റെ പീഡനത്തെക്കുറിച്ച് കർദിനാൾ ആലഞ്ചേരിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന്​ കന്യാസ്​ത്രീയുടെ പരാതിയിലുണ്ടായിരുന്നു. തുടർന്ന്​ മൊഴി എടുക്കാൻ സമയം അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ അന്വേഷണ ഉദ്യോഗസ്​ഥർ കർദിനാളിന്​ കത്തു നൽകിയിരുന്നു. കർദിനാൾ അറിയിച്ചത്​ അനുസരിച്ചാണ്​ സംഘം ഇന്ന്​ മൊഴി എടുക്കാനെത്തിയത്.

കന്യാസ്ത്രീയുടെ പരാതിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ബിഷപ്പിന്റെയും മറ്റു ബന്ധപ്പെട്ട ആളുകളുടെയും മൊഴിയെടുക്കാനും ചോദ്യം ചെയ്യല്‍ നടപടിയിലേക്ക് കടക്കാനും തീരുമാനമായത്. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്ത ശേഷമായിരിക്കും സംഘം ഫ്രാങ്കോ മുളയ്ക്കലെ ചോദ്യം ചെയ്യാൻ ജലന്ധറിലേക്ക് പോവുക

2015ല്‍ തന്നെ ബിഷപ്പ്​ ഫ്രാങ്കോ മുളക്കൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരുന്നതായി കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. പക്ഷെ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇത് നിഷേധിച്ചിരുന്നു. പിന്നീട് കത്ത് നല്‍കിയത് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതോടെ സഭ പ്രതിരോധത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നത് കേസില്‍ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജലന്ധറില്‍ പോയി ബിഷപ്പിന്റെ മൊഴിയെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്നും അനുവാദം വാങ്ങിയത്.

Top Stories
Share it
Top