ആര്‍എസ് എസിനെ സഹായിക്കുന്ന നിലപാടാണ് ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ സ്വീകരിക്കുന്നത്: എസ്.എഫ്.ഐ

Published On: 18 July 2018 12:00 PM GMT
ആര്‍എസ് എസിനെ സഹായിക്കുന്ന നിലപാടാണ് ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ സ്വീകരിക്കുന്നത്: എസ്.എഫ്.ഐ

എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്‌ക്വയറില്‍ നടത്തുന്ന 24 മണിക്കൂര്‍ ധര്‍ണ സമരം എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: ആര്‍.എസ്.എസ് പ്രതിരോധത്തിലാകുമ്പോള്‍ സഹായിക്കുന്ന നിലപാടാണ് ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഇപ്പോഴും സ്വീകരിക്കുന്നതെന്ന് എസ്. എഫ് .ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. പി സാനു. മതതീവ്രവാദത്തിനെതിരേ മാനവികതയുടെ പ്രതിരോധം എന്ന മുദ്രാവാക്യം ഉയര്‍ത്തി വര്‍ഗീയത തുലയട്ടെ എന്ന പേരില്‍ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്‌ക്വയറില്‍ നടത്തുന്ന 24 മണിക്കൂര്‍ ധര്‍ണ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എന്നെല്ലാം ആര്‍.എസ്.എസും സംഘപരിവാരവും ബി.ജെ.പിയും പ്രതിരോധത്തിലായിട്ടുണ്ടോ അന്നെല്ലാം സഹായിക്കുന്നതിന് വേണ്ടി നിലപാട് എടുത്ത സംഘടനയാണ് ജമാഅത്ത് ഇസ്ലാമിയും എന്‍.ഡി.എഫും. രാജ്യത്ത് സംഘപരിവാറിനെതിരെ അതിശക്തമായിട്ടുള്ള പ്രതിഷേധം ഉയരുമ്പോള്‍ അനാവശ്യമായ അതിക്രമങ്ങള്‍ നടത്തി ശ്രദ്ധ തിരിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണ്. അതോടെ ചര്‍ച്ചകള്‍ വഴിമാറുന്നു. പലതവണ ആവര്‍ത്തിച്ച കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ ഭാഗമായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം, ചിത്രകാരന്മാരുടെ കൂട്ടായ്മ, കവിയരങ്ങ്, ഡോക്യുമെന്ററി പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു. ജില്ലാ പ്രസിഡന്റ് ഷിബിന്‍ കാനായി അധ്യക്ഷത വഹിച്ചു. ഒ.കെ. വിനീഷ് സ്വാഗതം പറഞ്ഞു. ശിവദാസന്‍, കെ.വി. സുമേഷ്, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് വി.കെ സനോജ് , ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അന്‍വീര്‍ പങ്കെടുത്തു.
നാളെ രാവിലെ നടക്കുന്ന സമാപന പരിപാടി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് അഫ്‌സല്‍ ഉദ്ഘാടനം ചെയ്യും

Top Stories
Share it
Top