വരുന്നു കേരളത്തിലും നിഴല്‍ മന്ത്രിസഭ; ലക്ഷ്യം പിണറായി മന്ത്രിസഭയെ നിരീക്ഷിക്കല്‍

തിരുവനന്തപുരം: ഏപ്രില്‍ 28ന് കേരളത്തിലെ ആദ്യത്തെ നിഴല്‍ മന്ത്രിസഭ നിലവില്‍ വരും. കേരളത്തിലെ പൗരാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നിഴല്‍ മന്ത്രിസഭ...

വരുന്നു കേരളത്തിലും നിഴല്‍ മന്ത്രിസഭ; ലക്ഷ്യം പിണറായി മന്ത്രിസഭയെ നിരീക്ഷിക്കല്‍

തിരുവനന്തപുരം: ഏപ്രില്‍ 28ന് കേരളത്തിലെ ആദ്യത്തെ നിഴല്‍ മന്ത്രിസഭ നിലവില്‍ വരും. കേരളത്തിലെ പൗരാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നിഴല്‍ മന്ത്രിസഭ നിലവില്‍ വരിക. കേരളം ഭരിക്കുന്ന പിണറായി വിജയന്‍ മന്ത്രിസഭയുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും വിമര്‍ശനാത്മകമായി നിരീക്ഷിക്കുകയാണ് നിഴല്‍ മന്ത്രിസഭയുടെ ലക്ഷ്യം. 2017 നവംബര്‍ 1 മുതല്‍ എറണാകുളം ജില്ലയിലെ മൂഴിക്കുളം ശാലയില്‍ തുടങ്ങിയ ആലോചനാ യോഗങ്ങള്‍ വഴിയാണ് നിഴല്‍ മന്ത്രിസഭ എന്ന ആശയം പ്രാവര്‍ത്തികമാവുന്നത്.

വിദേശരാജ്യങ്ങളില്‍ പലയിടത്തും ഈ സംവിധാനം നിലവിലുണ്ട്. പ്രതിപക്ഷ കക്ഷിയാണ് ഈ സംവിധാനം രൂപീകരിക്കാറുള്ളത്. മന്ത്രിസഭയുടെ പ്രവര്‍ത്തനം പോലെ തന്നെയായിരിക്കും നിഴല്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനവും. ഓരോ നിഴല്‍ മന്ത്രിമാരും ഓരോ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഉദാഹരണത്തിന് ധനകാര്യം, വിദ്യാഭ്യാസം, ആഭ്യന്തരം അങ്ങനെ.

കേരളത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഈ നടപടിക്ക് പിന്നിലില്ല. വോട്ടേര്‍സ് അലയന്‍സ്, ജനാരോഗ്യ പ്രസ്ഥാനം, ഗാന്ധിയന്‍ കൂട്ടായ്മ, ഹ്യുമെന്‍ വെല്‌നെസ്സ് സ്റ്റഡി സെന്റര്‍ എന്നീ സംഘടനകള്‍ ഇക്കാര്യത്തിനായി യോജിച്ചു പ്രവര്‍ത്തിക്കുന്നു. മറ്റ് സന്നദ്ധസംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും നിഴല്‍ മന്ത്രിസഭയെന്ന ആശയത്തെ പിന്തുണക്കുന്നു. കേരളത്തിലെ നിഴല്‍മന്ത്രിയിലെ മുഖ്യമന്ത്രി സ്ത്രീയായിരിക്കും. അമ്പത് ശതമാനം മന്ത്രിമാരും സ്ത്രീകളായിരിക്കും. അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രാതിനിധ്യമുണ്ടാവുമെന്ന് മന്ത്രിസഭയുടെ സംഘാടകനായ അനില്‍ ജോസ് സ്‌ക്രോളിനോട് പ്രതികരിച്ചു.

നിഴല്‍ മന്ത്രിസഭയുടെ ഗുണങ്ങളായി സംഘാടകര്‍ വിശേഷിപ്പിക്കുന്നത്, താഴെ പറയുന്ന കാര്യങ്ങളാണ്.


1.സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ചും പ്രവര്‍ത്തികളെക്കുറിച്ചും കൃത്യമായി പിന്തുടരാനാകുന്നു.
2.സര്‍ക്കാരിന്റെ നയങ്ങളെ ആ വിഷയത്തില്‍ വിദഗ്ധരായ ആള്‍ക്കാര്‍ വിലയിരുത്തുന്നു.
3.സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ജനകീയ ബദലുകള്‍ അന്വേഷിക്കുന്നു.
4.സര്‍ക്കാരിനെ മനുഷ്യ പക്ഷത്തുനിന്നു ഉപദേശിക്കുന്നു.
5.ആവശ്യമായ സമയത്ത് വേണ്ടിയ പരിഷ്‌ക്കാരങ്ങളെക്കുറിച്ചു മുന്‍ക്കൂട്ടി ഉപദേശിക്കുന്നു.
6.സര്‍ക്കാരിന്റെ നയങ്ങളെ നേര്‍വഴി നയിക്കാന്‍ ഉപയോഗിക്കാം.
7.ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ലളിതമായി വിശദീകരിക്കാന്‍ കഴിയുന്നു.
8.സര്‍ക്കാര്‍ നടപടികളുടെ/ നയങ്ങളുടെ ശരിയായ ഉപഭോക്താക്കളെ മനസ്സിലാക്കാന്‍ സഹായിക്കുന്നു.
9.സര്‍ക്കാര്‍ നടപടികളുടെ അനന്തര ഫലങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണ പൗരന്മാരില്‍ ഉണ്ടാക്കുന്നു.
10.പ്രധാനപ്പെട്ട നയങ്ങളെക്കുറിച്ചു ക്രിയാത്മക ചര്‍ച്ചകള്‍ക്ക് സഹായിക്കുന്നു.
11.വ്യത്യസ്ത ആശയക്കാരുടെ ചര്‍ച്ചകളിലൂടെ കൂടുതല്‍ വ്യക്തത ഉണ്ടാകുന്നു.
ഇനിയും നിഴല്‍ മന്ത്രിസഭ വൈകിക്കൂടെന്നു നമ്മളെ ഓര്‍മ്മി പ്പിക്കുവാന്‍ ഇന്ത്യയിലെ കാര്യങ്ങള്‍ പ്രത്യേകിച്ച് കേരളത്തിലെ അവസ്ഥയില്‍ നാം താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. നാടിന്റെ വലിപ്പവും, ആള്‍ക്കാരുടെ വ്യത്യസ്തതയും മൂലം ഏതൊരു വിഷയത്തിലോ വകുപ്പിലോ മൂന്നരക്കോടി ജനങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരു മന്ത്രി എത്രമാത്രം പ്രായോഗീകമാണ്?
2.ഓരോ വിഷയങ്ങളെയും കൃത്യതയോടെ പിന്തുടരാനും അതിന്റ ഫലം അനുഭവപ്പെടുന്നത് വരെ കൂടെ നില്‍ക്കാനും കാക്കത്തൊള്ളായിരം കാര്യങ്ങള്‍ക്കിടയില്‍ മന്ത്രിമാര്‍ക്ക് പറ്റുമോ?
3.തിരക്കിട്ടോടിക്കൊണ്ടിരിക്കുന്ന മന്ത്രിമാരെ ജനങ്ങള്‍ ക്കും അവരുടെ അത്യാവശ്യമുള്ള എല്ലാ കാര്യങ്ങള്‍ക്കും കാണാനോ സംസാരിക്കാനോ പറ്റുമോ?
4.പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കും ഭരണ പരിചയത്തിനുള്ള അവസരം ഉണ്ടാകണ്ടേ?
5.ഭരണപക്ഷം കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കണ്ടേ ?
6.പൊതുഖജനാവിലെ പണം ഏറ്റവും മൂല്യത്തോടെ ഉപയോഗിക്കാന്‍ വ്യത്യസ്തമായ നിരീക്ഷണ സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കുന്നത് നല്ലതല്ലേ?
7.അധികാരത്തിന്റെ ഏതു തരത്തിലുള്ള വികേന്ദ്രീകരണവും പ്രോത്സാഹിക്കപ്പെടെണ്ടതല്ലേ?
8.നല്ല ഭരണാധികാരികളെ കണ്ടെത്താനും അവരെ തങ്ങളുടെ ഭരണം ഏല്‍പ്പിക്കാനും ജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന എളുപ്പമുള്ള ഈ ആയുധം താരതമ്യേന ലളിതമാണ്.
9.ജനപക്ഷത്തു നിന്ന് കൊണ്ട് ജനനന്മ ലാക്കാക്കി പ്രവര്‍ത്തി ക്കാന്‍ഭരണത്തില്‍ ഇരിക്കുന്നവര്‍ നിര്‍ബമന്ധിതരാകും.
10.കൂടുതല്‍ ക്രിയാത്മകമായി വിഷയത്തിലൂന്നിയ ചര്‍ച്ച നടക്കുന്നു.
11.നിയമസഭയുടെ സമയം കൂടുതല്‍ പ്രയോജനകരമായി ഉപയോഗിക്കപ്പെടുന്നു.
12.വ്യത്യസ്ത കോണുകളിലൂടെ സര്‍ക്കാര്‍ നയങ്ങളെ വിലയിരുത്താനുള്ള സാധ്യത കൂടുന്നു.
13.സര്‍ക്കാര്‍ നയങ്ങള്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനകരമായ രീതിയില്‍ നടപ്പിലാക്കാനുള്ള സാധ്യത ഉരുത്തിരിയുന്നു.
14.ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുന്നു.

കേരള മന്ത്രിസഭയിലേതു പോലെ 19 അംഗ മന്ത്രിമാര്‍ തന്നെയാണ് നിഴല്‍ മന്ത്രിസഭയിലും ഉണ്ടാവുക. ഇവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുമെന്ന് മറ്റൊരു സംഘാടകനായ ജോണ്‍ ജോസഫ് സ്‌ക്രോളിനോട് പ്രതികരിച്ചു. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ജനവിരുദ്ധ നിലപാടുകളാല്‍ ഒരേ പോലെയാണ്. ഭരണകക്ഷിയും പ്രതിപക്ഷ കക്ഷിയും തങ്ങളെ എതിര്‍ക്കും. പക്ഷെ അത് കാര്യമാക്കുന്നില്ലെന്നും ജോണ്‍ ജോസഫ് പറഞ്ഞു.

ഏപ്രില്‍ 28ന് കൊച്ചിയില്‍ നടക്കുന്ന മന്ത്രിസഭ സത്യപ്രതിജ്ഞ ചടങ്ങിന് ദളിത് നേതാവ് പ്രകാശ് അംബേദ്ക്കര്‍ നേതൃത്വം നല്‍കും. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40 പേരടങ്ങുന്ന സംഘത്തിന് ഇപ്പോള്‍ പരിശീലനം നല്‍കികൊണ്ടിരിക്കുകയാണ്. ഇവരില്‍ നിന്നായിരിക്കും 19 അംഗ നിഴല്‍ മന്ത്രിസഭ അധികാരത്തിലെത്തുക.

Read More >>