കപ്പലിടിച്ചു തകർന്ന ബോട്ടിലെ 9 പേരെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

Published On: 2018-08-09T08:45:00+05:30
കപ്പലിടിച്ചു തകർന്ന ബോട്ടിലെ 9 പേരെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കൊച്ചി: മീൻപിടിത്ത ബോട്ടിൽ കപ്പലിടിച്ച് കാണാതായ ഒൻപതു കണ്ടെത്താനായില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. മാല്യങ്കര സ്വദേശി സിജു (45), തമിഴ്‌നാട് രാമൻതുറ സ്വദേശികളായ രാജേഷ്‌ കുമാർ (32), ആരോക്യദിനേഷ് (25), യേശുപാലൻ (38), സാലു (24), പോൾസൺ (25), അരുൺകുമാർ (25), സഹായരാജ് (32), കൊൽക്കത്ത സ്വദേശി ബിപുൽദാസ് (28) എന്നിവരെയാണ് കണ്ടെത്താനുള്ളത്. തമിഴ്‌നാട് സ്വദേശികളായ യുഗനാഥൻ (40), യാക്കൂബ് (59), സഹായരാജ് (46) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെടുത്തിരുന്നു. രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശി എഡ്വിൻ (40), കൊൽക്കത്ത സ്വദേശി നരേൻ സർക്കാർ (20) എന്നിവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം മുനമ്പം തീരത്തുനിന്ന് 44 കി.മീ. അകലെ പുറംകടലിൽനിന്ന് തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾ നാവികസേന കണ്ടെടുത്തിട്ടുണ്ട്. ഹെലികോപ്റ്ററുകളിൽ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ ഭാഗങ്ങൾ കോസ്റ്റ്ഗാർഡിന്റെ കപ്പലെത്തി വീണ്ടെടുക്കുകയായിരുന്നു. അപകടത്തിന് ഇടയാക്കിയതെന്നു കരുതുന്ന കപ്പൽ ’ദേശ് ശക്തി’ തീരത്തടുപ്പിക്കാനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ നിർദേശപ്രകാരം കപ്പൽ മംഗളൂരുവിലോ ഗോവയിലോ അടുപ്പിക്കാനാണ് ശ്രമം.

നാവിക, തീരദേശ സേനകളുടെ കപ്പലുകളും മീൻപിടിത്ത ബോട്ടുകളും ചേർന്നാണ് ബുധനാഴ്ച കടലിൽ തിരച്ചിൽ നടത്തിയത്. നാവികസേനയുടെ ‘ഐ.എൻ.എസ്. യമുന’ കപ്പലും ഒരു ഡോണിയർ വിമാനവും പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. തീരദേശ സേനയുടെ വിക്രം, സാവിത്രിഭായ് ഫുലേ, അഭിനവ് എന്നീ കപ്പലുകളും ഒരു ഡോണിയർ വിമാനവും ഒരു ഹെലികോപ്റ്ററും തിരച്ചിൽ നടത്തുന്നുണ്ട്.

അപകടം നടന്ന സമയത്ത് ഇന്ത്യൻ ചരക്കുകപ്പലായ ദേശ് ശക്തിക്കു പുറമേ ലൈബീരിയൻ കപ്പലായ ഇയാൻ എച്ചും ഗ്രീക്ക് കപ്പലായ ഓക്‌സിജനും പ്രദേശത്തു കൂടി കടന്നുപോയിരുന്നു. ദേശ് ശക്തി തന്നെയാണ് അപകടത്തിന് ഇടയാക്കിയതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബോട്ടിൽ ഇടിച്ചിട്ടില്ലെന്നാണ് ദേശ് ശക്തി കപ്പലിന്റെ ക്യാപ്റ്റൻ നാവികസേനയ്ക്ക് ആദ്യം നൽകിയ സന്ദേശത്തിൽ പറയുന്നത്. ഇത് നാവികസേന ഷിപ്പിങ് ഡയറക്ടർ ജനറൽക്ക് കൈമാറിയിരിക്കുകയാണ്. തൃശ്ശൂർ നാട്ടികയ്ക്കും ചേറ്റുവയ്ക്കും പടിഞ്ഞാറ് തീരത്തുനിന്ന് അകലെ ചൊവ്വാഴ്ച പുലർെച്ചയുണ്ടായ അപകടത്തിൽ ‘ഓഷ്യാനിക്’ എന്ന ബോട്ടാണ് തകർന്നത്. 14 പേരുണ്ടായിരുന്ന ബോട്ടിലെ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു.

Top Stories
Share it
Top