സൈന്‍ ബോര്‍ഡ് സ്ഥാപിക്കാനെന്ന വ്യാജേന പണംതട്ടി: എ.എസ്.ഐക്ക് സസ്പെന്‍ഷന്‍

Published On: 2018-06-24T09:00:00+05:30
സൈന്‍ ബോര്‍ഡ് സ്ഥാപിക്കാനെന്ന വ്യാജേന പണംതട്ടി: എ.എസ്.ഐക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കാനെന്ന വ്യാജേന ഏജന്റിനെ ഉപയോഗിച്ച് സ്ഥാപനഉടമകളില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലെ അഡിഷണല്‍ എസ്.ഐ അബ്ദുല്‍ നാസറിന് സസ്പെന്‍ഷന്‍. അന്വേഷണവിധേയമായി ജില്ലാ പൊലിസ് മേധാവിയാണ് സസ്പെന്‍ഡ് ചെയ്തത്.

ചില സ്ഥാപന ഉടമകളെ ഏജന്റ് സമീപിച്ച് അവരുടെ സ്ഥാപനത്തിന്റെ പേര് ഉള്‍പ്പെടുത്തി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാമെന്നും അതിന് പണം നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്. സംശയം തോന്നിയ ചിലര്‍ പൊലിസിനെ ബന്ധപ്പെടണമെന്ന് പറഞ്ഞപ്പോള്‍ ഏജന്റ് അബ്ദുല്‍ നാസറിന്റെ നമ്പര്‍ നല്‍കി. അബ്ദുല്‍ നാസറെ വിളിച്ചപ്പോള്‍ അത് പൊലിസ് എടുത്ത തീരുമാനമാണെന്നും പണം നല്‍കണമെന്നും പറയുകയായിരുന്നുവെന്നാണ് ആരോപണം.

പയ്യാമ്പലം മേഖലയില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനാണ് ഇങ്ങനെ പണം തട്ടിയത്. സംശയം തോന്നിയ ഒരാള്‍ കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദനെ ബന്ധപ്പെട്ട് വിഷയം ശ്രദ്ധയില്‍പെടുത്തി. അന്വേഷണത്തില്‍ അബ്ദുല്‍ നാസറാണ് ഇതിനു പിന്നിലെന്ന് വ്യക്തമായതോടെ ഡിവൈ.എസ്.പി അബ്ദുല്‍ നാസറിനെ ബന്ധപ്പെട്ട് വാങ്ങിയ പണം തിരികെ കൊടുപ്പിച്ചു. തുടര്‍ന്ന് എസ്.പിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവിധേയമായി എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്തത്

Top Stories
Share it
Top