മരിച്ചുപോയവരുടെ പേരിൽ പെൻഷൻ കൈപ്പറ്റുന്ന 31,256 പേരെ തിരിച്ചറിഞ്ഞു: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: മരിച്ചുപോയവരുടെ പേരിൽ ചിലർ ഇപ്പോഴും സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി തോമസ്...

മരിച്ചുപോയവരുടെ പേരിൽ പെൻഷൻ കൈപ്പറ്റുന്ന 31,256 പേരെ തിരിച്ചറിഞ്ഞു: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: മരിച്ചുപോയവരുടെ പേരിൽ ചിലർ ഇപ്പോഴും സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. മരിച്ചുപോയ അര ലക്ഷത്തോളം ആളുകളുടെ പേരിൽ സാമൂഹ്യക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്നതായാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം 31,256 പേരെ തിരിച്ചറിഞ്ഞതായും മന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അറിയിച്ചു.

എല്ലാ മരണവും പഞ്ചായത്തിൽ റജിസ്റ്റർ ചെയ്യുന്ന രീതി ഇപ്പോഴുമില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രണ്ടു ഡാറ്റാബേസിലെ വിവരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോഴുള്ള ക്ലറിക്കൽ പ്രശ്നങ്ങളുമുണ്ട്. ഈ പരിമിതികളൊക്കെ മറികടന്നാണ് 31,256 പേർ ലിസ്റ്റിൽപ്പെട്ടത്. റജിസ്റ്റർ ചെയ്യപ്പെടാത്ത മരണങ്ങളുടെ കാര്യം കൂടി പരിഗണിക്കുമ്പോൾ എണ്ണം അമ്പതിനായിരം കവിയുമെന്നു തീർച്ചയായും ഉറപ്പിക്കാമെന്ന് മന്ത്രി പറഞ്ഞു.

അനർഹരായവരും സാമുഹിക പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന് മന്ത്രി മറ്റൊരു കുറിപ്പിൽ പറഞ്ഞു. ഒന്നേമുക്കാൽക്കോടിയുടെ ബിഎംഡബ്ല്യൂ. ഒന്നരക്കോടിയുടെ മെഴ്സിഡസ് ബെൻസ്. ഇതൊക്കെ സ്വന്തമായിട്ടുണ്ടെന്നു പറഞ്ഞിട്ടെന്തുകാര്യം. പെട്രോൾകാശു തരപ്പെടുത്താൻ പെടുന്ന പാടു ചില്ലറയല്ല. ഫുൾടാങ്ക് പെട്രോളടിക്കാൻ തന്നെ വലിയ കാശാകും. അതിനുള്ള പണം സർക്കാർ ഖജനാവിൽ നിന്നു കിട്ടിയാൽ കയ്ക്കുമോ? അതുകൊണ്ടവർ ഒരു മനസാക്ഷിക്കുത്തുമില്ലാതെ പാവപ്പെട്ടവർക്കുള്ള ക്ഷേമപെൻഷനു കൈനീട്ടുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

ക്ഷേമപെൻഷൻ വാങ്ങുന്ന അനർഹരെ തിരഞ്ഞു പോയപ്പോഴാണ് ചോര തിളപ്പിക്കുന്ന ഈ അൽപ്പത്തരം ശ്രദ്ധയിൽപ്പെട്ടത്. പാവങ്ങളിൽ പാവങ്ങൾക്ക് പട്ടിണിയകറ്റാൻ സർക്കാർ നൽകുന്ന തുഛമായ പെൻഷൻ തുകയ്ക്കു കൈ നീട്ടാൻ സ്വന്തമായി ബെൻസും ബിഎംഡബ്ലൂവും ഇന്നോവയുമൊക്കെ സ്വന്തമായുള്ളവരുണ്ട്. സ്വന്തമായി കാറുള്ള 64473 പേരെയാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ഇതിൽ ബെൻസ് കാറുള്ള 61 പേരും ബിഎംഡബ്ല്യൂ കാറുള്ള 28 പേരും ഇന്നോവയുള്ള 2465 പേരും സ്കോഡയുടെ ഏറ്റവും ഉയർന്ന മോഡലുള്ള 64 പേരും ഹോണ്ടകാറുള്ള 296 പേരും സ്കോർപിയോ ഉള്ള 191 പേരും പട്ടികയിലുണ്ട്. ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കാണ് പെൻഷന് അർഹത. ഇത്തരം ആഡംബര വാഹനങ്ങൾ ഉള്ളവരുടെയൊക്കെ പെൻഷൻ ഓണത്തിന് തടഞ്ഞുവെയ്ക്കാൻ ആവശ്യപ്പെട്ടുണ്ട്.

ഇനി വേറൊരു വിഭാഗമുണ്ട്. റേഷൻ കാർഡിൽ മകനോ മകൾക്കോ വലിയ കാറുണ്ടാകും. പക്ഷേ, മാതാപിതാക്കൾക്ക് ക്ഷേമപെൻഷൻ. ഇത്തരത്തിൽ 94043 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പെൻഷൻ ഇപ്പോൾ തൽക്കാലം നിർത്തിവെയ്ക്കുന്നില്ല. എന്നാൽ സാമ്പത്തികസ്ഥിതി പരിശോധിക്കും. പഞ്ചായത്തു തിരിച്ച് പട്ടിക സെക്രട്ടറിയ്ക്കു കൈമാറും. എല്ലാവരുടെയും സാമ്പത്തികസ്ഥിതി പരിശോധിച്ച് പെൻഷന് അർഹതയുണ്ടോ എന്ന് റിപ്പോർട്ടു ചെയ്യണം. ഇത്തരക്കാർക്കും സ്വമേധയാ പെൻഷൻ ആനുകൂല്യം വേണ്ടെന്നു വെയ്ക്കാം. നടപടിയുണ്ടാവില്ല. സർക്കാർ കണ്ടെത്തുന്നവരിൽ നിന്ന് പണം തിരിച്ചുപിടിക്കുന്നതിനു പുറമെ മറ്റെന്തെങ്കിലും പിഴ ചുമത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More >>