കണ്ണൂർ സഹകരണ സ്പിന്നിംഗ്‌ മില്ലിനെ തകർക്കാൻ ചിലർ ശ്രമിക്കുന്നു: ചെയര്‍മാന്‍

Published On: 9 July 2018 12:45 PM GMT
കണ്ണൂർ സഹകരണ സ്പിന്നിംഗ്‌ മില്ലിനെ തകർക്കാൻ ചിലർ ശ്രമിക്കുന്നു: ചെയര്‍മാന്‍

കണ്ണൂര്‍: കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്ലിനെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി ചെയര്‍മാന്‍ എം .സുരേന്ദ്രന്‍. ക്രമക്കേടും ധൂര്‍ത്തും കേടുകാര്യസ്ഥതയും മൂലമാണ് ടെക്‌സ്‌റ്റൈല്‍ സെക്ടര്‍ തകര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സ്പിന്നിംഗ് മില്‍ ജനറല്‍ മാനേജരായിരുന്ന സി ആര്‍ രമേഷിനെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത് ചട്ട വിരുദ്ധമായാണെന്ന് ചില കേന്ദ്രങ്ങളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. എം ഡി നിയമനവുമായി ബന്ധപ്പെട്ടു അന്നത്തെ എല്ലാ ചട്ടങ്ങളും പാലിച്ചാണ് ചുമതല നല്‍കിയത്. ഇതു സംബന്ധിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചിരുന്നു. ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമയും പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയമോ എം ബി എയോ ആയിരുന്നു യോഗ്യതയായി നിശ്ചയിച്ചിരുന്നത്. 2011ലെ ഭരണ സമിതി കാലത്ത് അന്നത്തെ എം ഡി വിരമിച്ചതിനെ തുടര്‍ന്നാണ് രമേഷിനു എം ഡിയുടെ അധിക ചുമതല നല്‍കിയത്. രമേഷിന് ഡിപ്ലോമയും നിശ്ചയിച്ച പ്രവൃത്തി പരിചയവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് എം ഡിയുടെ കൂടി ചുമതല നല്‍കിയത്.

2011ല്‍ നടന്ന നിയമനത്തിനെതിരെ ഇപ്പോള്‍ ചിലര്‍ ആരോപണം ഉന്നയിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നു സംശയിക്കുന്നു. കൂടാതെ നഷ്ടത്തില്‍ ഓടുന്ന മില്‍ മുംബെയില്‍ പുതുതായി ഒരു ഓഫീസ് തുറക്കുന്നതായാണ് പ്രചാരണം. 1982 ല്‍ നിയമപ്രകാരം മുംബെയില്‍ ഈ ശാഖ പ്രവര്‍ത്തനം തുടങ്ങിയതാണ്. പരുത്തി വാങ്ങല്‍, സംഭരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഈ ഓഫീസ് ആരംഭിച്ചത്. എന്നാല്‍ യഥാര്‍ഥ വസ്തുതകള്‍ മറച്ചു വെച്ചു ചിലര്‍ വ്യാജ പ്രചാരണം നടത്തുകയാണ്. പി എഫ് വിഹിതത്തില്‍ നേരത്തെയുണ്ടായ കുടിശിക സംഖ്യ പെരുപ്പിച്ച് കാട്ടി കോടികളുടെ കുടിശികയാണ് ഉള്ളതെന്നും പ്രചാരണം ഉണ്ടായിരുന്നു. ഇപ്പോള്‍ പി എഫ് വിഹിതം പൂര്‍ണമായും അടച്ചു കഴിഞ്ഞെന്നും ചെയര്‍മാന്‍ പറഞ്ഞു.

1964 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്ലിനെ ആശ്രയിച്ച് 300 ഓളം തൊഴിലാളികള്‍ ജോലിചെയ്തുവരുന്നുണ്ട്. 1985 വരെ ലാഭത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനം 1991 ഓടെ നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന, കമ്പോള വിലയിലെ സ്ഥിരതയില്ലായ്മ, കൂലിയിനത്തിലെ വര്‍ധനവ് തുടങ്ങിയവയാണ് സ്ഥാപനം നഷ്ടത്തിലാകാന്‍ കാരണം. എന്നിരുന്നാലും സര്‍ക്കാരിന്റെ സഹായം കൊണ്ട് മാത്രമാണ് സ്ഥാപനം ഇന്ന് നില നിന്നുപോകുന്നത്. സര്‍ക്കാരിന്റെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള യൂണിഫോം പദ്ധതിയുടെ നൂല്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിച്ചു നല്‍കുന്നത് കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്ലില്‍ നിന്നുമാണ്.

സ്ത്രീ തൊഴിലാളികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും പുരുഷ തൊഴിലാളികളുടെ വിശ്രമകേന്ദ്രം നവീകരിക്കാനും സഹകരണ സ്പിന്നിംഗ് മില്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. 2008 ല്‍ ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് സാമ്പത്തിക പ്രതിസന്ധിയാണ്. വസ്തുതകള്‍ ഇതായിരിക്കെയാണ് വ്യാജ പ്രചാരണം നടത്തുന്നത്.ഇവരുടെ ലക്ഷ്യം മില്ലിനെ തകര്‍ക്കുക എന്നതു മാത്രമാണെന്നും എം സുരേന്ദ്രന്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എം ഡി ഇന്‍ ചാര്‍ജ് സി ആര്‍ രമേഷ്, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ എ എം ഗോവിന്ദന്‍ എന്നിവരും പങ്കെടുത്തു.

Top Stories
Share it
Top