കുടുംബാംഗങ്ങളെ കൊന്നത് അവിഹിതബന്ധത്തിന് തടസ്സം നിന്നതിനാലെന്ന് സൗമ്യ

Published On: 2018-04-25T11:15:00+05:30
കുടുംബാംഗങ്ങളെ കൊന്നത് അവിഹിതബന്ധത്തിന് തടസ്സം നിന്നതിനാലെന്ന് സൗമ്യ

കണ്ണൂര്‍: പിണറായിയിലെ കൂട്ടക്കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി സൗമ്യ. അവിഹിത ബന്ധത്തിന് വീട്ടുകാര്‍ തടസ്സമാവാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പോലീസിനു മുമ്പില്‍ കുറ്റസമ്മതം നടത്തിയത്. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സൗമ്യ കുറ്റം സമ്മതിച്ചത്.

മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍(80), കമല(65), മൂത്ത മകള്‍ ഐശ്വര്യ(ഒന്‍പത്) എന്നിവരുടെ മരണകാരണം എലിവിഷം അകത്തു ചെന്നതാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം സൗമ്യ (28) യിലേക്ക് നീളുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം പലരുമായും സൗമ്യക്ക് ബന്ധമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഒന്നര വയസ്സുണ്ടായിരുന്ന ഇളയ മകള്‍ കീര്‍ത്തനയാണ് ആദ്യം മരിച്ചത്. 2012ല്‍ ശ്വാസ തടസ്സത്തേയും ഛര്‍ദിയേയും തുടര്‍ന്നാണ് കീര്‍ത്തന മരിച്ചത്. തുടര്‍ന്നുണ്ടായ മൂന്നു മരണവും സമാനരീതിയിലായിരുന്നു. മൂത്ത മകള്‍ ഐശ്വര്യ ചില കാര്യങ്ങള്‍ നേരിട്ട് കണ്ട് മുത്തശ്ശനോട് പറയുമെന്ന് പറഞ്ഞതോടെയാണ് ജനുവരിയില്‍ ഐശ്വര്യക്ക് വിഷം നല്‍കി കൊലപ്പെടുത്തിയത്.

മൂത്ത കുട്ടിയുടെ മരണശേഷവും സൗമ്യ അവിഹിത ബന്ധം തുടര്‍ന്നതോടെ മാതാപിതാക്കള്‍ എതിര്‍പ്പുമായി എത്തിയിരുന്നെന്നും അതോടെയാണ് അവരെയും വിഷം കൊടുത്തു കൊല്ലാന്‍ തീരുമാനിച്ചെന്നും സൗമ്യ പോലീസിനോട് പറഞ്ഞു. കൊല നടത്താന്‍ വിഷം വാങ്ങിനല്‍കിയ ഓട്ടോ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് മറ്റു രണ്ടുപേര്‍ കൂടി സൗമ്യയെ സഹായിച്ചതായും വിവരമുണ്ട്.


Top Stories
Share it
Top