ശ്രീജിത്തിനെതിരേ മൊഴി നല്‍കാന്‍ സി.പി.എം സമ്മര്‍ദ്ദം ചെലുത്തുന്നെന്ന് വെളിപ്പെടുത്തല്‍ 

Published On: 2018-04-12T12:15:00+05:30
ശ്രീജിത്തിനെതിരേ മൊഴി നല്‍കാന്‍ സി.പി.എം സമ്മര്‍ദ്ദം ചെലുത്തുന്നെന്ന് വെളിപ്പെടുത്തല്‍ 

കൊച്ചി: പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിനെതിരേ മൊഴി നല്‍കാന്‍ സി.പി.എം സമ്മര്‍ദ്ദമുണ്ടെന്നും ശ്രീജിത്തിനെതിരേ തന്റെ പിതാവ് പരമേശ്വരന്‍ സാക്ഷി പറഞ്ഞത് ഈ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്നും പരമേശ്വരന്റെ മകന്‍ ശരത്. വാസുദേവന്‍ എന്നയാളുടെ വീട് അക്രമിക്കുമ്പോള്‍ പരമേശ്വരന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ശരത് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വാസുദേവന്റെ വീട് ആക്രമിച്ച കേസിലാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, ശ്രീജിത്തിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആരോപണം നേരിടുന്ന മുഴുവന്‍ പോലീസുകാരെയും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന ആറാമത്തെ കസ്റ്റഡി മരണമാണിത്. വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ള മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. പോലീസിന്റെ ഭീകര മര്‍ദ്ദനത്തിന്റെ ഇരയാണ് ശ്രീജിത്ത്. കേസുമായി ബന്ധപ്പെട്ട് നല്ലരീതിയില്‍ അന്വേഷണം മുന്നോട്ടുപോയില്ലെങ്കില്‍ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുവരുമെന്നും ചെന്നിത്തല വ്യക്തമാക്കി. വി.ഡി. സതീശന്‍ എംഎല്‍എയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചു.

Top Stories
Share it
Top