കാലവർഷം, നിപ: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നീട്ടിവെക്കും

Published On: 2 Aug 2018 3:30 AM GMT
കാലവർഷം, നിപ: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നീട്ടിവെക്കും

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി, നിപ എന്നിവയെ തുടർന്ന് വളരെയധികം പ്രവർത്തി ദിനങ്ങൾ നഷ്ടമായതിനെ തുടർന്ന് എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകള്‍ രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കും. മാര്‍ച്ച് ആറിന് തുടങ്ങുന്ന പരീക്ഷകള്‍ 27നകം അവസാനിക്കുന്ന തരത്തിലായിരുന്നു നേരത്തെ വിദ്യാഭ്യാസ വകുപ്പ് എസ് എസ്എല്‍സി കലണ്ടര്‍ തയ്യാറാക്കിയിരുന്നത്. പ്ലസ്ടു പരീക്ഷകളും ഇതേ ദിവസം നടത്താനായിരുന്നു തീരുമാനം. ഇവയാണ് മാറ്റിവെക്കാൻ തീരുമാനമായത്.

അതിശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് ഒട്ടുമിക്ക ജില്ലകളിലെയും സ്‌കൂളുകള്‍ക്ക് ദിവസങ്ങളോളം അവധി നൽകിയിരുന്നു. ഇതോടെ പരീക്ഷകള്‍ക്ക് മുമ്പ് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയിരിക്കുന്നത്. മാര്‍ച്ച് ആറിന് നടക്കാനിരുന്ന പത്താംതരത്തിലെ പൊതുപരീക്ഷ മാര്‍ച്ച് ഇരുപതിന് തുടങ്ങി ഏപ്രില്‍ പത്തിന് അവസാനിക്കുന്ന രീതിയിലാണ് പുതിയ തീരുമാനം.

ഈ വർഷം നാലര ലക്ഷത്തില്‍പ്പരം കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. നാല് ലക്ഷത്തിലധികം പേര്‍ പ്ലസ്ടു പരീക്ഷയും എഴുതുന്നുണ്ട്. എന്നാൽ പരീക്ഷകള്‍ നീട്ടിവയ്ക്കുന്നത് അടുത്ത വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ പത്തിന് അവസാനിച്ചാല്‍ മെയ് പതിനഞ്ചോടെ ഫലം പ്രഖ്യാപിക്കാമാവുമെന്നും വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു.

Top Stories
Share it
Top