സംസ്ഥാന ഹജ് ക്യാമ്പിന് നെടുമ്പാശ്ശേരിയില്‍ തുടക്കം

നെടുമ്പാശ്ശേരി: സംസ്ഥാന സര്‍ക്കാരിന്റെയും കേരള ഹജ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലുള്ള സംസ്ഥാന ഹജ് ക്യാമ്പിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിയാല്‍...

സംസ്ഥാന ഹജ് ക്യാമ്പിന് നെടുമ്പാശ്ശേരിയില്‍ തുടക്കം

നെടുമ്പാശ്ശേരി: സംസ്ഥാന സര്‍ക്കാരിന്റെയും കേരള ഹജ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലുള്ള സംസ്ഥാന ഹജ് ക്യാമ്പിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ തുടക്കം. ഹജ് തീര്‍ത്ഥാടകരും സമുദായനേതാക്കളും ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

സമാധാനം, ത്യാഗം, സാഹോദര്യം എന്നീ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഹജ് കര്‍മത്തിന് സാമൂഹ്യപ്രാധാന്യം ഏറെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിമനസിനെ സമൂഹമനസുമായി കൂട്ടിച്ചേര്‍ക്കുന്ന മഹത് കര്‍മമാണിത്. ദേശ വേഷ ഭാഷാ ഭേദമില്ലാതെ 30 ലക്ഷത്തോളം വിശ്വാസികളാണ് ഈ മഹാതീര്‍ത്ഥാടനത്തിനായി അറഫയില്‍ ഒത്തുചേരുന്നത്. സര്‍ക്കാര്‍ മുഖേന ഇന്ത്യയില്‍ നിന്നും 1.75 ലക്ഷം തീര്‍ത്ഥാടകരുള്ളതില്‍ കേരളത്തില്‍ നിന്നും 12,000 പേരാണ് ഹജ് കമ്മിറ്റി വഴി യാത്ര തിരിക്കുന്നത്.

കേരള സംഘത്തില്‍ 300 പേര്‍ ലക്ഷദ്വീപില്‍ നിന്നും 47 പേര്‍ മാഹിയില്‍ നിന്നുമാണ്. രണ്ട് വയസില്‍ താഴെയുള്ള 25 കുഞ്ഞുങ്ങളും ഹജ് യാത്രാസംഘത്തിലുണ്ട്. ഇതാദ്യമായി പുരുഷസഹായമില്ലാതെ പോകുന്ന ഇന്ത്യയില്‍ നിന്നുള്ള വനിതാഹാജിമാരില്‍ 1100 പേര്‍ കേരളത്തില്‍ നിന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഹജിന് അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ പോയി തിരിച്ചെത്തുന്നത് വരെ എല്ലാ സഹായങ്ങളും നല്‍കാന്‍ സര്‍ക്കാരും സംസ്ഥാന ഹജ് കമ്മിറ്റിയും പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ ഈ മാതൃക മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കേണ്ടതാണെന്ന് കേന്ദ്ര ഹജ് കമ്മിറ്റിയും സൗദി അറേബ്യയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം കേരളത്തിന് കൂടുതല്‍ ഹജ് ക്വാട്ട ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂലതീരുമാനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്കായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ഹജ് ട്രെയിനര്‍മാരും വോളന്റിയര്‍മാരും കേരളത്തിന്റെ പ്രത്യേകതയആണ്. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 58 വോളന്റിയര്‍മാരാണ് ഇത്തവണ സേവനസന്നദ്ധരായി രംഗത്തുള്ളത്. ഇവര്‍ക്ക് കേന്ദ്ര, സംസ്ഥാന ഹജ് കമ്മിറ്റികളുടെ പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്. ഹാജിമാര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുള്‍ വഹാബ് എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍ സാദത്ത്, എ.എം. ആരിഫ്, കെ.വി. അബ്ദുള്‍ ഖാദര്‍, കാരാട്ട് റസാഖ്, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍, മുന്‍ എം.എല്‍.എ എ.എം. യൂസഫ്, കേന്ദ്ര ഹജ് കമ്മിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മഹ്‌സൂദ് അഹമ്മദ് ഖാന്‍, സമുദായനേതാക്കളായ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ഹുസൈന്‍ മടവൂര്‍, സഈദ് റഷീദലി ശിഹാബ് തങ്ങള്‍, സഈദ് മുനവറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More >>